Tuesday, February 1, 2011

മകരജ്യോതി മറ നീക്കുമ്പോള്‍

മകരജ്യോതി മറ നീക്കുമ്പോള്‍ ...
പി.വി.എ പ്രിംറോസ്
കവര്‍സ്റ്റോറി
ശബരിമല ഐതിഹ്യവുമായി ബന്ധപ്പെട്ട മകരജ്യോതി ദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേര്‍ മരിക്കുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആരാധനാസമയത്തെ കേവലം അശ്രദ്ധയില്‍ നിന്ന് പരിണമിച്ചുണ്ടായ ദുരന്തം എന്നതിനപ്പുറം വിശ്വാസചൂഷണത്തിന്റെയും കപട ആത്മീയതയുടെയും അനിവാര്യമായ പരിണിതഫലമാണിതെന്ന തലത്തിലേക്ക് വരെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കടന്നുചെന്നിരിക്കുകയാണ്. അന്ധവിശ്വാസങ്ങള്‍ക്ക് അരുനിന്നുവെന്നതിനാല്‍ ഭരിക്കുന്ന ഗവണ്‍മെന്റാണ് ഇതിലെ മുഖ്യപ്രതി എന്ന് രാഷ്ട്രീയക്കാരും, ക്ഷേത്രപരിസരത്തെ സര്‍ക്കാര്‍ ഒരുക്കിയ പരിമിത സൌകര്യങ്ങളാണ് ദുരന്തകാരണമെന്ന ദേവസ്വം ബോര്‍ഡിന്റെ വിശദീകരണവും, അധികാരികള്‍ക്ക് നല്‍കിയ ഹരജിയോടുള്ള നിരുത്തരവാദപരമായ സമീപനമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന യുക്തിവാദീ നിലപാടും, അശാസ്ത്രീയമായ കാഴ്ചപ്പാടുകളുടെ ബാക്കിപത്രമാണിതിന് കാരണമെന്ന സാംസ്കാരിക പ്രമുഖരുടെ വിലയിരുത്തലുമെല്ലാം മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ചര്‍ച്ചചെയ്തത്. എന്നാല്‍, അതിനേക്കാളേറെ പുതിയ സംഭവം ശ്രദ്ധേയമായത് മകരവിളക്ക് അമാനുഷികമാണെന്ന് തങ്ങള്‍ പറയുന്നില്ലെന്ന ദേവസ്വം ബോര്‍ഡ് അഡ്വക്കറ്റിന്റെ കോടതിമൊഴിയും ഇത്രയും കാലം ദീപം തെളിയിച്ചത് വനമേട്ടിലെ ആദിവാസികളാണെന്ന തന്ത്രി കടുംബത്തിന്റെ കുറ്റസമ്മതവുമാണ്. അതേസമയം മര്‍മപ്രധാനവും തുടര്‍ന്നും നിലനിന്നേക്കാവുന്നതുമായ ഒരു വിശ്വാസചൂഷണത്തിന്റെ വൃത്താന്തം പുറത്തുകൊണ്ടുവരുന്നതില്‍ മലയാള മാധ്യമങ്ങള്‍ വേണ്ടത്ര ഔത്സുക്യം പ്രകടിപ്പിച്ചതായി കണ്ടില്ല. പ്രസ്തുത വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്.
ശബരിമലധര്‍മക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മകരം ഒന്നിന് ദീപാരാധനാസമയത്തോടെ ദര്‍ശിക്കുന്ന (അത്ഭുത)പ്രകാശമാണ് മകരജ്യോതിസ്സ്. 'മനുഷ്യജീവിതത്തിന് സായൂജ്യവും പരമാനന്ദവും ലഭിക്കുന്നത് ഈ ജ്യോതിസ്സിന്റെ ദര്‍ശനത്തില്‍ നിന്നാണ് എന്നും, അഭൌമവും പരമാനന്ദ സന്ദായകവുമായ ഈ അത്ഭുതപ്രതിഭാസം ശബരിമല വാണരളുന്ന ഹരിഹരസുതന്റെ അപരിമേയമായ ശക്തിയുടെ ആത്യന്തികമായ വിളയാട്ടമാണ്എന്നും, ലക്ഷക്കണക്കിലുള്ള തീര്‍ഥാടകരുടെ ശരണംവിളികള്‍ സ്വര്‍ഗത്തിലിരിക്കുന്ന ദേവതകളുടെ കര്‍ണപുടങ്ങളില്‍ പതിക്കുമ്പോള്‍ ഭൂമിയിലെ ഈ മഹാദേവന്റെ ദര്‍ശനത്തിനു സമയമായി എന്ന് മനസ്സിലാക്കി ദേവ-കിന്നര-യക്ഷ-ഗന്ധര്‍വാദികള്‍ വരുന്നത് മൂലം ആകാശത്തിന്റെ നിറം മാറുകയും അവരുടെ സാന്നിധ്യത്തിന്റേയും ആരാധനയുടേയും അടയാളമായി കര്‍പ്പൂര ദീപാജ്ഞലി അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെടുകയും ആ ദേവന്മാര്‍ അയ്യപ്പഭഗവാനെ പൂജിക്കുന്നതിനായി വിളക്ക് കത്തിക്കുന്നു എന്നും, അതാണ് മകരജ്യോതി' എന്നുമാണ് ഒരു ശരാശരി അയ്യപ്പഭക്തന്റെ മകരജ്യോതിയോടുള്ള സമീപനം. ഇക്കാര്യത്തെ ശരിവെച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് NDTVയോട് പറഞ്ഞത് ടി.വി മനോജ് എന്ന ബ്ളോഗര്‍ 2011 ജനുവരി 18ന് പോസ്റ് ചെയ്ത Sabarimala-The Recurring Tragedy Caused by State-sponsored Superstition എന്ന ലേഖനത്തില്‍ എടുത്തുകൊടുത്തിട്ടുണ്ട്. പൊന്നമ്പലമേട്ടില്‍ ദീപം തനിയെ തെളിയുന്നതാണെന്നും, ദേവന്മാരാണ് ഈ ദീപക്കാഴ്ച നടത്തുന്നത് എന്നും നിരവധി പുസ്തകങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ബന്ധപ്പെട്ടവര്‍ തന്നെ പ്രചരിപ്പിച്ചിട്ടുമുണ്ട്. വി. ബാലകൃഷ്ണനും ഡോ: ആര്‍ ലീലാവതിയും കൂടിയെഴുതിയ ഹൈന്ദവവിജ്ഞാനകോശത്തിന്റെ 932ാം പേജിലും ഇതേകാര്യം പറയുന്നുണ്ട്. എന്നാല്‍ മകജ്യോതിയും മകരവിളക്കും രണ്ടാണെന്നും അതിന്റെ പദസംജ്ഞയിലുള്ള പാരായണഭേദം അവയുടെ വ്യത്യസ്തതയെ കുറിക്കുന്നതാണെന്നുമുള്ള പുതിയ വ്യാഖ്യാനങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നും പുറത്തുവന്നിട്ടുണ്ട്. അക്കാര്യത്തിന്റെ നിജസ്ഥിതി സന്ദര്‍ഭോചിതം സൂചിപ്പിക്കാം.
മകരമാസത്തിലെ ആദ്യദിനത്തില്‍ പന്തളത്തുനിന്ന് ഭക്തരുടെ അകമ്പടിയോടെ തിരുവാഭരണവുമായി പുറപ്പെടുന്ന ക്ഷേത്രാധികൃതര്‍ സന്നിധാനത്തെത്തി പ്രത്യേക പൂജാവിധികളോടെ അയ്യപ്പന് മാലചാര്‍ത്തി നട തുറക്കുന്നതോടെയാണ് മകരവെളിച്ചം ദര്‍ശിക്കുന്നത്. അധികാരികളുടെ വിശദീകരണങ്ങളില്‍ നിന്ന് വിഭിന്നമായി പമ്പയില്‍ നിന്ന് മാത്രമല്ല ശരണവീഥികളിലെ വലിയാനവട്ടം, ചെറിയാനവട്ടം, മരക്കൂട്ടം, ഹില്‍ടോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വ്യക്തമായി ഈ ജ്യോതിസ്സ് ദര്‍ശിക്കാനാവും. വര്‍ഷങ്ങളായി അനേകലക്ഷം ജനങ്ങളെ ആകര്‍ഷിക്കുന്ന ഈ 'ദിവ്യജ്യോതിസ്സ'ടക്കമുള്ള ശബരിമല ക്ഷേത്രാചാരങ്ങള്‍ക്ക് മുഴുവന്‍ നിമിത്തമായ ഐതിഹ്യം കഴിഞ്ഞ ലക്കത്തില്‍ വിശദമായി സൂചിപ്പിച്ചിരുന്നു.
അയ്യപ്പന്‍ പന്തളം കൊട്ടാരത്തുനിന്ന് മലയാളനാട്ടിലേക്ക് പുറപ്പെടുന്ന വഴി പരശുരാമനെ കണ്ടുമുട്ടുകയും പ്രസ്തുത സ്ഥലത്ത് പരശുരാമന്‍ ഒരു വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നും, അക്കാര്യം പന്തളം രാജാവിനെ അയ്യപ്പന്‍ സ്വപ്നത്തില്‍ അറിയിക്കുകയും രാജാവും പരിവാരങ്ങളും വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് ക്ഷേത്രം പണികഴിപ്പിക്കുകയും താഴമണ്‍ പോറ്റിയെ കൊണ്ട് കലശം നടത്തിപ്പിച്ച് എല്ലാ വര്‍ഷവും മകരസംക്രാന്തിദിനത്തില്‍ വാര്‍ഷികം നടത്താന്‍ ഉത്തരവിടുകയും ചെയ്തുവെന്നുമാണ് ശബരിമല ആഘോഷത്തിന്റെ തുടക്കത്തെകുറിച്ചുള്ള സംക്ഷിപ്ത ഐതിഹ്യം. അയ്യപ്പാവതാരത്തെയും വാവരുസ്വാമി ജനനത്തെയും ശബരിമല ചരിത്രത്തെയുംപോലെ ഒരുപാട് അവാന്തര ഐതിഹ്യങ്ങള്‍ മകരജ്യോതിയുമായി ബന്ധപ്പെട്ടും ഉണ്ട്. എന്തൊക്കെയായാലും ചിരപുരാതന കാലം തൊട്ടേ ഹൈന്ദവ ഭക്തരെ വിശ്വാസപരമായും വികാരപരമായും ഏറെ ഉദ്ദീപവിപ്പിച്ചിട്ടുണ്ട്, വര്‍ഷംതോറും നടക്കാറുള്ള ഈ 'ദര്‍ശന സൌഭാഗ്യം' എന്നതിന് സംശയമില്ല. ആഗോളതലത്തില്‍ തന്നെ പ്രിന്റഡ് മീഡിയയും വിഷ്വല്‍ മീഡിയയും ഇതിന് നല്‍കിവരുന്ന അമിത പ്രാധാന്യം ഇക്കാര്യമാണ് വെളിപ്പെടുത്തിത്തരുന്നത്. ദൃശ്യമാധ്യമങ്ങളുടെ വരവിനുമുമ്പ് മകരവിളക്ക് ദര്‍ശനത്തിന്റെ തല്‍സമയവിവരണം റേഡിയോനിലയങ്ങള്‍ ഒരു വാര്‍ഷികോപഹാരമെന്ന നിലയില്‍ ശ്രോതാക്കളെ കേള്‍പിച്ചിരുന്നതായി ഓര്‍ക്കുന്നു. ടെലിവിഷന്റെ ആഗമനത്തോടെ ഇത് 'നല്ലൊരു കാഴ്ചവിരുന്നു'കൂടിയായി മാറി. മണ്ഡലകാലവ്രതവും ഇരുമുടിക്കെട്ടുമില്ലാതെ മകരദര്‍ശനം സാധ്യമായത് വിശ്വാസികള്‍ക്ക് ആശ്വാസത്തിനു വക നല്‍കുന്നതായിരുന്നു; ശേഷമുള്ള കാലങ്ങളില്‍. എന്നാല്‍ തങ്ങള്‍ ഇതുവരെ കണ്ടതെല്ലാം മായക്കാഴ്ചകളായിരുന്നുവെന്നും ദേവസ്വം ബോര്‍ഡും സര്‍ക്കാറും ഇലക്ട്രിസിറ്റി ബോര്‍ഡും ചേര്‍ന്ന് തയ്യാറാക്കിയ അതിസുന്ദരമായൊരു തിരക്കഥയുടെ വിഡ്ഢികളായ കാണികള്‍ മാത്രമാണ് തങ്ങളെന്നും തിരിച്ചറിഞ്ഞിരിക്കുകയാണ്-ഉത്തരവാദപ്പെട്ടവരുടെ കുറ്റസമ്മതത്തിലൂടെ-പാവം ഭക്തരിപ്പോള്‍!
സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരുടെ നിരന്തരഫലമായി, പൊന്നമ്പലമേട്ടില്‍ ദര്‍ശിക്കുന്ന മകരവിളക്ക് അത്ഭുതജ്യോതിയല്ലെന്നും അത് അവിടുത്തെ ആദിവാസികള്‍ കത്തിക്കുന്ന വിളക്കാണെന്നും-ദുരന്തപശ്ചാത്തലത്തില്‍-തുറന്നുസമ്മതിച്ചിരിക്കുകയാണ് ശബരിമലകാര്‍മികരിപ്പോള്‍. അതേസമയം പ്രസ്തുത നടപടിക്രമങ്ങള്‍ തുടരുമെന്നും വരുംവര്‍ഷങ്ങളിലും ആചാരം വിപുലമായി ആഘോഷിക്കുമെന്നുമാണ് ഔദ്യോഗിക വിശദീകരണം. കോടതി വിശദീകരണമാരാഞ്ഞതിന് ദേവസ്വം ബോര്‍ഡ് അഡ്വക്കറ്റ് നല്‍കിയ മറുപടിയിലും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്.
ഇഷ്ടമുള്ളത് വിശ്വസിക്കാനും വിശ്വസിച്ചതിനനുസരിച്ച് കര്‍മാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്; തങ്ങളുടെ വിശ്വാസാചാര രംഗങ്ങളില്‍ അത്ഭുതങ്ങള്‍ ദര്‍ശിക്കുന്നതും കുറ്റമൊന്നുമല്ല. അത്ഭുതങ്ങള്‍ എന്നത് ഏതൊരു മതവിശ്വാസിയും നിഷേധിക്കുമെന്ന് തോന്നുന്നില്ല. പ്രപഞ്ചത്തില്‍ മാത്രമല്ല സ്വന്തം ശരീരത്തിലേക്ക് തന്നെ അന്വേഷണബുദ്ധിയോടെ കണ്ണോടിക്കുന്ന ഒരാള്‍ക്ക് സ്രഷ്ടാവിന്റെ സൃഷ്ടിപ്പിലെ കൃത്യതയും അതിലെ അത്ഭുതവും ബോധ്യപ്പെടും. എന്നാല്‍ പുരോഹിതന്മാരും ചൂഷകന്മാരും ദൈവത്തിനിടയില്‍ മധ്യവര്‍ത്തികളെ നിശ്ചയിച്ചതോടെ ഈ വ്യാജദൈവങ്ങളിലും ദിവ്യാത്ഭുതങ്ങള്‍ ആരോപിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ശാസ്ത്രസാങ്കേതികരംഗത്തെ വളര്‍ച്ചയോടു കൂടി ഇതില്‍ പലതും തെറ്റാണെന്നും കബളിപ്പിക്കലാണെന്നും സമൂഹം മനസ്സിലാക്കി. നിര്‍ബന്ധിതാവസ്ഥയില്‍ ഇത്തരം വിശ്വാസചൂഷണങ്ങള്‍ പല കേന്ദ്രങ്ങളും കയ്യൊഴിച്ചെങ്കിലും ചിലരെങ്കിലും പഴമയുടെ 'ആരോപിതവിശുദ്ധി'യില്‍ ഇന്നും നിലകൊള്ളാന്‍ ശ്രമിക്കുകയാണ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും സന്ദര്‍ശകരുള്ള ശബരിമലയെപ്പോലുള്ള ഒരു തീര്‍ഥാടനകേന്ദ്രത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന വിശ്വാസചൂഷണത്തിന്റെ നിജസ്ഥിതി മാലോകര്‍ തിരിച്ചറിഞ്ഞിട്ടും അത് തുടരുമെന്ന് പറയുന്നതിലെ ധാര്‍ഷ്ട്യം ക്ഷേത്രാധികാരികള്‍ക്കോ അതിന്റെ സാരഥികള്‍ക്കോ ഭൂഷണമല്ല തന്നെ!
പൊന്നമ്പലമേട്ടിലെ മകരജ്യോതി, ആചാരങ്ങളുടെ ഭാഗമായി മനുഷ്യര്‍ ചെയ്യുന്നതാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഇളയമകനായ രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. മനോരമാ ന്യൂസിനോട് അന്നദേഹം പറഞ്ഞ കാര്യങ്ങള്‍
http://www.youtube.com/watch?v=2vCOTF8-7nM എന്ന യൂട്യൂബ് ക്ളിപ്പില്‍ ഇന്നും കാണാവുന്നതാണ്. എന്നാല്‍ അതിലെ ചൂഷണത്തെക്കുറിച്ച് പരാമര്‍ശിക്കാതെ മകരമാസത്തില്‍ ആകാശത്ത് കാണുന്ന നക്ഷത്രത്തെ പ്രതീകാത്മകമായി പുനര്‍നിര്‍മിക്കുകയാണ് പൊന്നമ്പലമേട്ടിലെ ആദിവാസികള്‍ ചെയ്യുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാദം. ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ആ നക്ഷത്രദര്‍ശനമാണ് പ്രധാനം എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
18/01/2011ല്‍ ഏഷ്യാനെറ്റില്‍ നടന്ന ചര്‍ച്ചയിലും 2011 ജനുവരി 19ന് CNN IBN ചാനല്‍ ഇന്റര്‍വ്യൂവിലും ഇതേകാര്യം ആവര്‍ത്തിക്കുന്നുണ്ട് അദ്ദേഹം. മാത്രമല്ല 'മുഹമ്മദ് നബി ൃ ആയിശ യേെ വിവാഹം ചെയ്തത് പോലെ, പൊന്നമ്പലമേട്ടില്‍ നടക്കുന്നത് ഒരു കാവ്യാത്മകവര്‍ണനയാണെ'ന്നാണ് അദ്ദേഹം വിവരിക്കുന്നത്. മുസ്ലിംകളാരും നബി ൃയുടെ വിവാഹത്തെ കാവ്യാത്മകമായോ പ്രതീകാത്മകമായോ അല്ല മനസ്സിലാക്കുന്നത് എന്ന വസ്തുത ചര്‍ച്ചക്കെടുത്തില്ലെങ്കില്‍ പോലും, മേല്‍ വാദങ്ങള്‍ ആത്മാര്‍ഥതയോടെയാണ് അദ്ദേഹം പറഞ്ഞതെങ്കില്‍ കപടദര്‍ശനത്തിലൂടെ 'ആത്മസായൂജ്യമടഞ്ഞ' ഭക്തന്മാരില്‍നിന്നും ഉയര്‍ന്നുവന്നേക്കാവുന്ന നിരവധി ചോദ്യള്‍ക്ക് ഉത്തരം പറയാന്‍ രാഹുല്‍ ബാധ്യസ്ഥനാണ്. ഇത്രകാലം ഇക്കാര്യം പ്രബുദ്ധകേരളം ചര്‍ച്ചചെയ്തിട്ടും, തന്റെ അച്ഛന്‍തന്നെ ശബരിമലപൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചിട്ടും കുടുംബത്തിലെ ഈ ഇളമുറക്കാരനെന്തേ ഇക്കാര്യം തുറന്നുപറയാതെപോയത് എന്നാണതിലെ ഒന്നാമത്തേത്. മാത്രമല്ല, രാഹുല്‍ വിശദീകരിച്ചതുപോലെ മകരനക്ഷത്രത്തെയാണ് ദിവ്യമായി ഗണിക്കുന്നതെങ്കില്‍ അത് ക്ഷേത്രനട തുറക്കുന്ന സമയത്തല്ല പ്രത്യക്ഷപ്പെടാറ്; മാത്രമല്ല, മകരം ഒന്നിന് മാത്രം കാണാവുന്ന പ്രതിഭാസവുമല്ല. മറിച്ച് സന്ധ്യാനേരത്ത് മറ്റു തിയതികളിലും ആകാശത്ത് ഈ നക്ഷത്രദര്‍ശനം സാധ്യമാവും. അപ്പോള്‍ മകരം ഒന്നിലെ ദര്‍ശനത്തിന് മാത്രം എന്തിനിത്ര പ്രാധ്യാന്യം നല്‍കുന്നു? കൂടാതെ ഇത് പമ്പാതീരത്തുനിന്നും മാത്രം കാണാവുന്ന ഒരു ദിവ്യകാഴ്ചയൊന്നുമല്ല. ലോകത്തിന്റെ മറ്റുസ്ഥലങ്ങളില്‍ നിന്നും ഇതേ നക്ഷത്രം വിവിധ സമയങ്ങളിലായി കാണാവുന്നതാണ്. ശബരിമലയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് കൊണ്ട് പ്രസ്തുത തിയതികളില്‍ അദ്ദേഹം മകരജ്യോതിയെന്ന് വിശേഷിപ്പിച്ച നക്ഷത്രം കൂടുതല്‍ ശോഭയുള്ളതായി കാണുന്നു എന്ന് മാത്രം.
പൌഷമാസത്തില്‍ സൂര്യന്‍ മകരരാശിയില്‍ വരുന്ന സമയത്താണ് മകരസംക്രാന്തി സംഭവിക്കുന്നത്. സംക്രാന്തി ഏതെങ്കിലും പ്രത്യേക മാസത്തില്‍ ഉണ്ടാവാറുള്ളതല്ല. മറിച്ച് എല്ലാ മാസത്തിലും സംഭവിക്കാറുള്ളതാണ്. എന്നാല്‍ കര്‍ക്കിടകം, മകരം എന്നീ മാസങ്ങളില്‍ മകരസക്രമം മുതല്‍ സൂര്യന്‍ ഉത്തരായനം ആരംഭിക്കുന്നു. അതിന് മുമ്പ് ദക്ഷിണായനവും സംഭവിക്കുന്നു. സൂര്യന്‍ ഉത്തരായനത്തിലാവുമ്പോള്‍ പകല്‍ വര്‍ധിക്കുകയും രാത്രി കുറയുകയും ചെയ്യുന്നു; ദക്ഷിണായനത്തിലാവുമ്പോള്‍ തിരിച്ചും. ഹൈന്ദവവിശ്വാസപ്രകാരം ബ്രാഹ്മണര്‍ക്കും ഭിക്ഷുക്കള്‍ക്കും യഥാശക്തിദാനവും ഗംഗാസ്നാനവും കല്‍പിക്കപ്പെട്ടത് ഈ ദിവസത്തിലാണ് എന്നതില്‍ കവിഞ്ഞ് ഹൈന്ദവാചാരങ്ങളിലൊന്നും മകരസംക്രാന്തിക്ക് വലിയ പ്രാധാന്യമുള്ളതായി കാണുന്നില്ല. ഇതാണ് അത്ഭുതജ്യോതിസ്സായി അവതരിപ്പിക്കുവാന്‍ ആധുനിക ശബരിമലസാരഥികള്‍ പെടാപാട് പെടുന്നത്.
ഇനി, പരിശോധിക്കേണ്ടത് ക്ഷേത്രാധികൃതര്‍ അവകാശപ്പെടുന്നത് പോലെ ഇപ്പോള്‍ മകരവെളിച്ചം തെളിയിക്കുന്നത് ആദിവാസികളാണോ എന്നതാണ്. തീര്‍ച്ചയായും അല്ല എന്നാണ് അത് സംബന്ധമായ അന്വേഷണങ്ങളും വെളിപ്പെടുത്തലുകളും മനസ്സിലാക്കിത്തരുന്നത്. വിവാദത്തില്‍ നിന്ന് മുഖംമറക്കാനായി ശബരിമല കാര്‍മികര്‍ അയ്യപ്പന്റെ ആദിവാസി പാരമ്പര്യമംഗീകരിച്ചാല്‍ കൂടുതല്‍ അബദ്ധങ്ങളിലേക്കാണ് ചെന്നെത്തുക. കാരണം അത്തരമൊരു ചര്‍ച്ച വന്നാല്‍ അയ്യപ്പന്റെ പിതൃത്വത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേക്കും ശബരിമലയുടെ യഥാര്‍ഥ അവകാശികളെക്കുറിച്ചു ള്ള അന്വേഷണങ്ങളിലേക്കുമാണ് നിഷ്പക്ഷരെ കൊണ്ടെത്തിക്കുക. ഇതാകട്ടെ വാവര് കടുംബവുമായി പല കാലങ്ങളിലായി നടന്ന അധികാരതര്‍ക്കത്തേക്കാള്‍ ശോചനീയമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും.
കൊല്ലവര്‍ഷം 1098 ചിങ്ങമാസം 1ാം തിയ്യതി മുതലാണ് ഗവണ്‍മെന്റ് ക്ഷേത്രഭരണം ഒരു പ്രത്യേക വകുപ്പിന്റെ കീഴില്‍ കൊണ്ടുവരുന്നത്. തിരുവിതാംകൂറിലെ ക്ഷേത്രഭരണം അതിനുമുമ്പ് റവന്യൂ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലായിരുന്നു. ക്ഷേത്രത്തിന്റെ കാര്യത്തിലെ റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരുടെ അലംഭാവം ഭക്തരില്‍ ഏറെ അമര്‍ഷം സൃഷ്ടിച്ചിരുന്ന സമയമായിരുന്നു അത്. മാസവിശേഷവും ആട്ടവിശേഷവും മാത്രമല്ല പൂജകള്‍ വരെ മുടങ്ങിയിരുന്ന ഒരു ഘട്ടത്തില്‍ കൊല്ലവര്‍ഷം 1100ാം ആണ്ടോടുകൂടിയാണ് എരുമേലി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നത്. വനമധ്യത്തില്‍ ജീര്‍ണിച്ചുകിടന്നിരുന്ന ക്ഷേത്രം പുനരുദ്ധാരണം നടത്തിയതും ചുറ്റുമുണ്ടായിരുന്ന വനങ്ങള്‍ വെട്ടിത്തെളിയിച്ചതും എരുമേലിത്തോട് വെടിപ്പാക്കിയതുമെല്ലാം പിന്നീട് ദേവസ്വംബോര്‍ഡാണ്. എന്നാല്‍ ശബരിമലയും അയ്യപ്പനും ഇതിനെല്ലാം വളരെക്കാലം മുമ്പേ ചരിത്രത്തിലിടം നേടിയിരുന്നുവെന്നാണ് പുരാണങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. വാത്മീകിരാമായണത്തിലെയും കമ്പരാമായണത്തിലെയും ആരണ്യകാണ്ഡത്തില്‍ ശബരിമലയെക്കുറിച്ച് പരാമര്‍ശമുണ്ട്. മാലിനി എന്നുപേരുള്ള ചിത്രവചനന്റെ പുത്രി ശബരിയെകുറിച്ചും ശ്രീരാമപക്കല്‍നിന്ന് ലഭിച്ച ശാപമോക്ഷത്തെകുറിച്ചുമെല്ലാമുള്ള ഐതിഹ്യം രാമായണത്തില്‍ കാണാം.
അയ്യപ്പനെന്ന 'ദൈവ'ത്തെക്കുറിച്ചുള്ള ചരിത്രമെടുത്താലും ഇപ്പോഴത്തെയാളുകളല്ല അതിന്റെ യഥാര്‍ഥ അവകാശികള്‍ എന്ന് വ്യക്തമാവും. യഥാര്‍ഥത്തില്‍ ഒരു കാലത്ത് അയ്യപ്പന്‍ ആദിവാസികളായ ചേകോരുടെ ദൈവമായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഭാരതത്തിലെ പുരാതന ഗോത്രവര്‍ഗങ്ങളെക്കുറിച്ചും മതങ്ങളെക്കുറിച്ചുമെല്ലാമുള്ള വസ്തുനിഷ്ഠമായ പഠനം ചെന്നെത്തിച്ചേരുന്നത് ഈ യാഥാര്‍ഥ്യത്തിലേക്കാണ്. പ്രശസ്ത ചരിത്രരചയിതാവായ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ഇതുസംബന്ധമായ പഠനം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: "'കായാംപൂമേനി വര്‍ണനും' 'നായാടവല്ലം ചേകോനു'മായ അയ്യപ്പനെ നാലമ്പലത്തിനുവെളിയില്‍ മതില്‍ക്കകത്തു തെക്കേ പടിഞ്ഞാറേ മൂലയിലാണ് സാധാരണ പ്രതിഷ്ഠിക്കാറുണ്ടായിരുന്നത്. ഇത് താഴ്ന്ന ജാതിക്കാര്‍ക്കും ചേകവനെ ആരാധിക്കാന്‍ സൌകര്യം നല്‍കുന്നതിനാണ്. അവര്‍ക്കും അന്ന് മതില്‍കെട്ടിനുള്ളില്‍ പ്രവേശിക്കാമായിരുന്നു. നാലമ്പലത്തിനുള്ളില്‍ കയറിക്കൂടായിരുന്നിരിക്കാം. അയ്യപ്പന്‍ ഒന്‍പതും പത്തും ശതകങ്ങളില്‍ ചേകവരുടെ ദൈവമായിരുന്നു. പന്തളത്തെ അയ്യപ്പനു മുമ്പും അയ്യപ്പന്‍ എന്നൊരു ദൈവം ഉണ്ടായിരുന്നുവെന്ന് ഇതില്‍ നിന്നും തെളിയുന്നു. അയ്യപ്പനെകൂടി എല്ലാ ക്ഷേത്രങ്ങളിലും പ്രതിഷ്ഠിച്ച് അയ്യപ്പന്‍ "എമ്പൈരുമാന്‍'' എന്നൊരു പ്രത്യേക ശാന്തിക്കാരനെയും നിയമിച്ചിരുന്നു.'' (കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍: ഇളംകുളം കുഞ്ഞന്‍പിള്ള, പേജ് 15)
ശബരിമലയാത്രക്കാര്‍ക്ക് പ്രസാദം നല്‍കുന്ന വിചിത്രവേഷക്കാരനായ കൊച്ചുവേലന്റെ സാന്നിധ്യവും ഈ വസ്തുതയിലേക്കാണ് വെളിച്ചം വീശുന്നത്. ഉള്ളാടന്മാരുടെ കുലപതിയായ കൊച്ചുവേലന്‍ വനത്തിന്റെ ഉടമസ്ഥനും ആദിവാസികളുടെ ആരാധനാമൂര്‍ത്തിയുമായിരുന്നു. മാത്രമല്ല സംഘകാലത്ത് യുദ്ധദേവനായി അയ്യന്‍, അയ്യനാര്‍ അയ്യപ്പന്‍ എന്നീ പേരിലെല്ലാമറിയപ്പെടുന്ന ഒരു ആരാധനാമൂര്‍ത്തി നിലനിന്നിരുന്നതായി 'സംഘകാല കേരളം' എന്ന പുസ്തകത്തിന്റെ 56,57 പേജുകളില്‍ വി.വി.കെ വാലത്ത് രേഖപ്പെടുത്തുന്നുണ്ട്. അതുകൊണ്ടൊക്കെത്തന്നെ മുമ്പ് സൂചിപ്പിച്ചതുപോലെ ഈ ചരിത്രവസ്തുതകളുടെ പിന്‍ബലത്തില്‍ ചിന്തിച്ചാല്‍ ശബരിമല അയ്യപ്പന്റെ യഥാര്‍ഥ ഉടമസ്ഥരെന്ന ദേവസ്വംബോര്‍ഡിന്റെയും വാവര്‍കുടുംബത്തിന്റെയും തര്‍ക്കത്തിലേക്ക് പുതിയൊരു അവകാശി കൂടി കടന്നുവരും.
അതേസമയംതാല്‍ക്കാലിക രക്ഷക്കായിമകരവിളക്ക് കത്തിക്കുന്നത് ആദിവാസികളാണെന്ന പറഞ്ഞ തന്ത്രി കടുംബത്തിന്റെയും ദേവസ്വം അഡ്വക്കറ്റിന്റേയും വാദം ശരിയല്ലെന്നാണ് വസ്തുതകളുടെ വെളിച്ചത്തില്‍ മനസ്സിലാകുന്നത്. 1901ലെ സെന്‍സസ് പ്രകാരം മന്നന്മാര്‍ എന്നറിയപ്പെടുന്ന ഒരു ആദിവാസി ഗോത്രം മാത്രമാണ് അവിടെ നിലനിന്നിരുന്നത്. 29 പേര്‍ മാത്രമായിരുന്നു അന്നവരുടെ ജനസംഖ്യ. കഴിഞ്ഞ നൂറ് കൊല്ലത്തിനിടയില്‍ അവരൊന്നു പോലുമില്ലാതെ മരിച്ചു പോയെന്നാണ് രേഖകള്‍ പറയുന്നത്. എന്നാല്‍, ദേവസ്വം ബോര്‍ഡ് അധികൃതരും പോലീസുകാരുമടങ്ങിയ ഉത്തരവാദപ്പെട്ടവരുടെ മേല്‍നോട്ടത്തിലാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത് എന്നാണ് ശബരിമലയിലെ മുന്‍ KSEB ജീവനക്കാരനായ ശിവാനന്ദ് അവകാശപ്പെടുന്നത്. 1981 KSEBയുടെ പമ്പാ ഡിവിഷനിലേക്ക് ജോലിമാറ്റം കിട്ടി ചെന്ന സമയത്ത് ദീപം കത്തിക്കുന്നത് നേരിട്ട് കാണാനുള്ള അവസരം ലഭിച്ചിട്ടുണ്ട് എന്നാണദ്ദേഹം വിവരിക്കുന്നത്: "ദേവസ്വം ബോര്‍ഡിലെ കരുണാകരന്‍ നായര്‍ എന്ന അസിസ്റന്റ് എഞ്ചിനീയറും രണ്ട് ലേബേഴ്സും രണ്ട് പോലീസുകാരുമാണ് അന്നുണ്ടായിരുന്നത്. ഒന്നുരണ്ട് കിലോ തൂക്കമുള്ള പച്ചക്കര്‍പ്പൂരവും അലുമിനീയം പാത്രവുമുണ്ടായിരുന്നു, കത്തിച്ചുകാണിക്കാന്‍ വേണ്ടി...'' "അന്ന് കത്തിച്ച് കാണിച്ചത് ഞങ്ങളുടെ ഒരു ഡ്രൈവറാണ്(KSEB ഡ്രൈവര്‍); പേര് ഗോപിനാഥന്‍ നായര്‍...'' (Sabarimala miracle claims disputed: NDTV Correspondent, Thursday, January 11, 2007)
http://www.youtube.com/watch?v=BlQFVmZzbQY എന്ന വെബ് ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ NDTVയുടെ ഇവ്വിഷയകമായ വീഡിയോ ഇന്റര്‍വ്യൂയും
Sabarimala - The Recurring Tragedy Caused by State-sponsored Superstition എന്ന ലിങ്ക് പരിശോധിച്ചാല്‍ ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങളും ലഭിക്കുന്നതാണ്. ഇതിന് സമാനമായി പത്ത് വര്‍ഷം മുമ്പ് തനിക്കുണ്ടായ അനുഭവം മുന്‍ തുറമുഖ ഡയരക്ടര്‍ ക്യാപ്ടന്‍ കെ. പി. രാജന്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു.(മാധ്യമം ദിനപ്പത്രം 22/01/2011). അതുകൊണ്ട് തന്നെയാണ് മകരജ്യോതിയുടെ പേരിലുള്ള തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാന്‍ അഖില ഭാരത അധ്യക്ഷന്‍ സ്വാമി ഭൂമാനന്ദ തീര്‍ഥയെപ്പോലുള്ള നിഷ്പക്ഷ ഹൈന്ദവസന്യാസിമാര്‍ അഭിപ്രായപ്പെട്ടതും.(മാധ്യമം ദിനപത്രം 23/01/2011).
യഥാര്‍ഥത്തില്‍ മകരജ്യോതി തെളിയല്‍ ഒരു ദിവ്യപ്രതിഭാസമല്ലെന്നും പൊന്നമ്പലമേട്ടിലെ ചിലയാളുകള്‍ മനഃപ്പൂര്‍വം കര്‍പ്പൂരം കത്തിച്ച് തെളിയിക്കുകയാണെന്നും കേരളീയ യുക്തിവാദികള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ വെളിപ്പെടുത്തിയിരുന്നു. അന്ന് പൊന്നമ്പലമേട് കയ്യേറി ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയവരെ വെളിച്ചത്ത് കൊണ്ട് വരുന്നതിന് മുന്‍പന്തിയില്‍ നിന്ന ഒരു യുക്തിവാദീനേതാവ് ലേഖകനോട് നേരിട്ടു സംസാരിച്ചതുമാണ് ഇക്കാര്യം. പ്രസ്തുത അനുഭവം യുക്തിവാദികള്‍ തന്നെ വിവരിക്കട്ടെ.
"ഞങ്ങള്‍ പൊന്നമ്പലമേട്ടിലെത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡിലെ ഏഴ് ഉദ്യേഗസ്ഥന്മാരും വനംവകുപ്പിലെ ഗാര്‍ഡുമാരും അവിടെ സന്നിഹിതരായിരുന്നു. ഒരാള്‍ ചാക്കില്‍ തലവെച്ചുറങ്ങുകയായിരുന്നു. ചാക്കിനുള്ളില്‍ മകരജ്യോതി കാണിക്കുവാനുള്ള കര്‍പ്പൂരമാണ് ഉള്ളതെന്ന് മനസ്സിലായി. 'കിംഗ് ഫിഷറി'ന്റെ കാര്‍ഡ്ബോര്‍ഡ് പെട്ടിയും കുപ്പികളും അവിടെ കിടക്കുന്നുണ്ടായിരുന്നു. അന്നേരം വിളക്കുകത്തിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ ടി.സി സെക്ഷനിലെ എ.ഇ മാത്യൂസ് ഗ്രിഗറി, ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി.എന്‍ നായര്‍, കോട്ടയം ജില്ലാ ഫോറസ്റ് കണ്‍സര്‍വേറ്റര്‍ സുരേന്ദ്രനാശാരി, ഫോറസ്റ് ഓഫീസിലെ ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ കെ. ശിവശങ്കരന്‍ നായര്‍ തുടങ്ങിയവരുണ്ടായിരുന്നു. മകരജ്യോതിസ്സ് ഉണ്ടാക്കുന്നതിലെ മേല്‍നോട്ടം ഇവര്‍ക്കായിരുന്നുവെന്നു കരുതേണ്ടതായിട്ടാണിരിക്കുന്നത്.''
"...ശബരിമലക്ക് നേരെ തള്ളിനില്‍ക്കുന്ന പാറയുടെ അപ്പുറത്ത് ഒരു സ്ഥലത്ത് നക്ഷത്രത്തിന്റെ ആകൃതി കൊത്തിയുണ്ടാക്കിയിട്ടുണ്ട്. അതിന്റെ ഒരു ഭാഗത്ത് 'പൊടിയന്‍ ചന്ദ്രന്‍', 'സ്വാമിനാഥന്‍' എന്ന് കൊത്തിവെച്ചിരിക്കുന്നു. മറ്റേഭാഗത്ത് ഒരു ശൂലത്തിന്റെ രൂപവും നക്ഷത്രചിഹ്നത്തിന് 'ഓം' എന്ന പ്രണവാക്ഷരവും കൊത്തിവെച്ചിരിക്കുന്നു. നക്ഷത്രത്തിനു സമീപം ഒരു പ്ളാസ്റിക്ക് സഞ്ചിയില്‍ മൂന്ന് നാളികേരവും പഴവും കുറേ കര്‍പ്പൂരഭസ്മവും അഞ്ച്പാക്ക് ചന്ദനത്തിരിയും കയര്‍കൊണ്ട് വരിഞ്ഞ ഒരു ചട്ടിയും തീപ്പെട്ടിയും വെച്ചിട്ടുണ്ടായിരുന്നു. അതിനടുത്ത് കാക്കി ഷര്‍ട്ടിട്ട ഒരാളും ഇരിപ്പുണ്ടായിരുന്നു. ചുറ്റും മറ്റുള്ളവര്‍ കൂടിനിന്നിരുന്നു. ഉടനെ തന്നെ പതിവായി കര്‍പ്പൂരം കത്തിക്കാറുള്ള ഗോപിനാഥന്‍നായരെ ഭദ്രന്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ആ സമയത്ത് ഗോപി അല്പം മാറിയായിരുന്നു നിന്നിരുന്നത്. ഗോപിയെ സമീപിച്ച് ഞാന്‍ ചോദിച്ചു:
"എന്താണ് പേര്?''
"ഗോപി, അയാളുടെ മറുപടി''
"എന്താണ് ജോലി?''
"കെ.എസ്.ഇ.ബിയില്‍ ഡ്രൈവറാണ്.''
"നിങ്ങളാണോ ഇവിടെ കര്‍പ്പൂരം കത്തിക്കാറുള്ളത്?''
"അതെ. എത്ര കാലമായി നിങ്ങള്‍ ഇത് കത്തിച്ച് തുടങ്ങിയിട്ട്?''
"പത്തുവര്‍ഷമായി.''
"ഇത്തവണയും കത്തിക്കുമോ?''
"കത്തിക്കും''
"ഇത്തവണ കത്തിക്കാതിരുന്നുകൂടെ?''
"പറ്റില്ല''
"ഞാന്‍ തീര്‍ച്ചയായും കത്തിക്കും''
"ഇത്തവണ നിങ്ങള്‍ കത്തിക്കാന്‍ പാടില്ല''
"ഞാന്‍ കത്തിച്ചില്ലെങ്കില്‍ ദേവസ്വം ഭാരവാഹികള്‍ കത്തിക്കും.''
ഗോപി കര്‍പ്പൂരം കത്തിച്ചുകാണിക്കുമെന്ന് വീണ്ടും ശഠിച്ച് പറഞ്ഞപ്പോള്‍ എന്നാല്‍ ഞങ്ങളും കത്തിക്കുമെന്ന് ചുറ്റും കൂടിയ യുക്തിവാദി സുഹൃത്തുക്കളും പറഞ്ഞു. അപ്പോള്‍ നിങ്ങള്‍ കത്തിക്കുന്നത് ശരിയല്ല എന്നായി ഗോപിയുടെ പ്രതികരണം. ഗോപിക്ക് ഏതാണ്ട് നാല്‍പതോളം വയസ്സ് തോന്നിക്കും. വളരെ ശാന്തനായാണ് അയാള്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ഞങ്ങള്‍ മകരജ്യോതിയുടെ യാഥാര്‍ഥ്യം അറിയാന്‍ വന്നതാണ് എന്ന് ചുറ്റുംകൂടിനില്‍ക്കുന്ന ഉദ്യോഗസ്ഥന്മാരെയും മറ്റും അറിയിച്ചു. കൃത്രിമ ജ്യോതി കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വഞ്ചനയാണെന്നും ഓര്‍മപ്പെടുത്തി. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഞങ്ങള്‍ കാണിക്കും നിങ്ങള്‍ക്ക് എന്താണിവിടെ കാര്യം എന്ന് പറഞ്ഞപ്പോള്‍ യുക്തിവാദികള്‍ പ്രതിഷേധമുദ്രാവാക്യം വിളിച്ചു. ഇടക്ക് ഡ്രൈവര്‍ ഗോപി ഈ ലേഖകനോട് പറഞ്ഞു:
"പല വര്‍ഷങ്ങളായി ഞാനാണിവിടെ ജ്യോതി കത്തിക്കുന്നത്. ഞാനാണ് മകരജ്യോതി കത്തിക്കുന്നതെന്ന് ഞാന്‍ തന്നെ പറഞ്ഞാലും ആരും വിശ്വസിക്കുകയില്ല. പിന്നെയാണോ നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കുന്നത്?''
ഞാന്‍ പറഞ്ഞു: "അതുകൊണ്ട് തന്നെയാണ് ഇത്തരം വഞ്ചന ആവര്‍ത്തിക്കരുതെന്ന് പറയുന്നത്.''
"എനിക്കിവിടെ ഒരു പൂജ നടത്തണം. അതോടുകൂടി ജ്യോതിയും കത്തിക്കും ഇതെന്റെ അവകാശമാണ്'' എന്നായി ഗോപി.
"ഇവിടെ വിളക്കു കത്തിക്കാന്‍ നിങ്ങള്‍ക്കെന്തെങ്കിലും അവകാശമുണ്ടെങ്കില്‍ ഞങ്ങള്‍ക്കുമുണ്ട് അവകാശം. നിങ്ങളെന്തെങ്കിലും കത്തിച്ചാല്‍ ഞങ്ങളും കത്തിക്കുമെന്ന് തീര്‍ച്ച.''
അപ്പോഴേക്കും യുക്തിവാദികള്‍ പന്തങ്ങള്‍ തയ്യാറാക്കി കഴിഞ്ഞിരുന്നു. അതിലിടപെട്ടത് ഒരു ഫോറസ്റ് ഗാര്‍ഡാണ്. അദ്ദേഹം കയര്‍ത്തു. "നിങ്ങള്‍ക്കിവിടെ കാര്യമൊന്നുമില്ല. നിങ്ങള്‍ ഇവിടെ പന്തം കത്തിക്കാനും പാടില്ല.'' "മിസ്റര്‍ ഗോപിക്ക് കത്തിക്കാമെങ്കില്‍ ഞങ്ങള്‍ക്കും കത്തിക്കാം. തടയുകയാണെങ്കില്‍ ഗോപിയേയും തടയണം. ഗോപിയെ അറസ്റു ചെയ്യാതെ ഞങ്ങളെ അറസ്റു ചെയ്യാനും നോക്കണ്ട.'' "അടുത്തവര്‍ഷം നിങ്ങളില്‍ ഒരുത്തനേയും ഇവിടെ കാലുകത്താന്‍ സമ്മതിക്കില്ല'' എന്നായി ഗാര്‍ഡ്. അപ്പോഴേക്കും ഗോപിയും കൂട്ടുകാരും ഒരു പൂജാരംഗം അഭിനയിക്കാനുള്ള ഒരുക്കം തുടങ്ങി. ഒരടിയെങ്കിലും വലിപ്പമുള്ള ഒരു പാത്രം നിറയെ കര്‍പ്പൂരം നിറച്ചു. നാളികേരവും പഴവും അരികില്‍ വെച്ചു. ശബരിമലയിലെ തിരുവാഭരണത്തിന്റെ ദൃക്സാക്ഷി വിവരണം ട്രാന്‍സിസ്റര്‍ റേഡിയോയിലൂടെ ശ്രദ്ധിക്കുകയാണ് അധികപേരും. സമയം വൈകുന്നേരം 6:40. ശബരിമലയില്‍ നിന്നും ഒരു ചുവന്ന സെര്‍ച്ച് ലൈറ്റ് പൊന്നമ്പലമേടിന് അഭിമുഖമായി നീങ്ങി. അത് ജ്യോതി കത്തിക്കുവാനുള്ള അടയാളമാണെന്ന് മനസ്സിലാക്കിയ ഒരാള്‍ (ഭദ്രന്‍) അല്‍പം വടക്കുഭാഗത്തായി മുന്‍കൂട്ടിതയ്യാറാക്കിയിരുന്ന പാറമേല്‍ നിന്നുകൊണ്ട് വലിയ മത്താപ്പൂ കത്തിച്ചു. "അതാ മകരജ്യോതി പ്രത്യക്ഷപ്പെട്ടു''വെന്ന റേഡിയോ വിവരണം പെട്ടെന്നുണ്ടായി. (ഗോപി കര്‍പ്പൂരം കത്തിക്കുന്നതിന് മുമ്പാണ് വിവരണമുണ്ടായത്.) ഉടനെ മറ്റൊരു യുക്തിവാദി സുഹൃത്ത് തെക്കുഭാഗത്തുനിന്നും മൂളിപ്പൂവും കത്തിച്ചു. പിറകെ കര്‍പ്പൂര പാത്രത്തില്‍ (ഗോപി) തീ കത്തിച്ചു. പാത്രം മേലോട്ടുയര്‍ത്തി ജ്വലിപ്പിച്ചു. വീണ്ടും ആളിച്ചുയര്‍ത്തി. മൂന്നുവട്ടം അങ്ങനെ ചെയ്തു. പന്തങ്ങളും മത്താപ്പൂകളും പിടിച്ചുനിന്നിരുന്ന യുക്തിവാദികളും അവ കത്തിച്ചുയര്‍ത്തിക്കൊണ്ടിരുന്നു. ഒരാള്‍ ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു കമാന്‍ഡര്‍ സെര്‍ച്ച് ലൈറ്റ് എന്റെ കയ്യില്‍ നിന്നും വാങ്ങി ശബരിമലക്ക് അഭിമുഖമായി കാട്ടി. കൂട്ടത്തിലാരോ അമിട്ടും ഡൈനാമിറ്റും പൊട്ടിച്ചു...'' (മകരജ്യോതിസ്സ്: പവനന്‍)
1981 ലെ മകരജ്യോതിയായി മാധ്യമങ്ങളെല്ലാം ആഘോഷിച്ചത് ഈ ഡൈനാമിറ്റും അമിട്ടും മത്താപ്പുവും പന്തവുമൊക്കെയായിരുന്നു എന്നത് ഫോട്ടോയടക്കം ഹാസ്യാത്മകമായി വിവരിക്കുന്നുണ്ട് ഈ പുസ്തകത്തില്‍. എല്ലാവര്‍ഷവും കണ്ടുവരാറുള്ള മകരജ്യോതിദര്‍ശനത്തിന് വിപരീതമായി അക്കൊല്ലം 'നറുദീപങ്ങള്‍ ഒഴുകിനടക്കാനും' 'ചെറിയപ്രഭാപൂരങ്ങള്‍ കാണാനും' 'കര്‍പ്പൂരദീപം പോലെ പ്രകാശം പരത്താനു'മെല്ലാം നിമിത്തമായത് യുക്തിവാദികളുടെ ഇടപെടലായിരുന്നു എന്നാണ് പവനന്‍ വിശദീകരിക്കുന്നത്.
വേണ്ടത്ര സാങ്കേതിക സൌകര്യങ്ങളില്ലാത്ത അക്കാലങ്ങളില്‍ നിന്നും വിഭിന്നമായി ക്യാമറയും റെക്കോര്‍ഡിംഗ് സൌകര്യങ്ങളുമായി വിഷയത്തിന്റെ നിജസ്ഥിതി അറിയാന്‍ പുറപ്പെട്ട ചില സാമൂഹ്യ പ്രവര്‍ത്തകരുടെ അനുഭവം Makarajyothi Exposed എന്ന ടൈറ്റിലില്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
യൂ ട്യൂബിലെ http://www.youtube.com/watch?v=i58IaLnICrs&NR=1 എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ ഇതിന്റെ വീഡിയോ ദൃശ്യം ലഭ്യമാവും. കര്‍പ്പൂരം തെളിയിക്കുന്ന തറയും അവര്‍ വെളിച്ചം വീശിക്കാണിക്കുന്ന പാറയും പൊന്നമ്പലമേട്ടിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയുമെല്ലാം കൃത്യമായി വിവരിക്കുന്ന പ്രസ്തുത വീഡിയോ ദൃശ്യത്തില്‍ നിന്ന്, പരലക്ഷം ഭക്തന്മാരുടെ വിശ്വാസത്തെ ചൂഷണംചെയ്യാന്‍ പുരോഹിതന്മാര്‍ ഉപയോഗിക്കുന്ന മാനവവിഭവശേഷി എത്ര കുറച്ചാണ് എന്ന തിരിച്ചറിവ് മനുഷ്യത്വമുള്ള ആരെയും ഞെട്ടിക്കാതിരിക്കില്ല!!
പൊന്നമ്പലമേട്ടില്‍ നടന്ന ദുരന്തപശ്ചാത്തലത്തില്‍ മത-സാംസ്കാരിക-സന്നദ്ധ പ്രവര്‍ത്തകര്‍ മകരജ്യോതിയെ വിമര്‍ശിക്കുമ്പോള്‍, ഹൈന്ദവസംസ്കാരത്തിനെതിരെയുള്ള പടയൊരുക്കവും 'ഹിന്ദുമതത്തെ വഴിച്ചെണ്ടയാക്കാനുള്ള ശ്രമ'വുമായി ചിത്രീകരിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുന്നത് എന്നത് ഖേദകരമാണ്. യഥാര്‍ഥത്തില്‍ മനുഷ്യത്വമുള്ള ഒട്ടേറെ സാംസ്കാരികനായകന്മാര്‍ ഇതിനെക്കുറിച്ച് വളരെ നാള്‍ മുമ്പേതന്നെ ബോധവല്‍കരണം നടത്തിയിട്ടുണ്ട്. പക്ഷെ, ദുരമൂത്ത ക്ഷേത്രഭാരവാഹികള്‍ അത് മുഖവിലക്കെടുത്തില്ലെന്ന് മാത്രം. തീവ്രഹിന്ദുത്വത്തിന്റെ വക്താക്കള്‍ക്ക് പോലും പ്രിയങ്കരിയായ സാഹിത്യകാരി സുഗതകമാരി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 'ആലിബാബയും നാല്‍പത് കള്ളന്മാരും' എന്ന പേരില്‍ ഇതിനെതിരെ ലേഖനമെഴുതിയിട്ടുണ്ട്. മലമുകളിലെ ഈ തട്ടിപ്പില്‍ മനംനൊന്ത് അവരെഴുതിയ ലേഖനത്തിലെ ഏതാനും വരികള്‍ നോക്കൂ. "...ആണ്ടോടാണ്ട് ഒരു ദിവ്യമായ കാഴ്ച മലമുകളില്‍ ഒരുക്കപ്പെടുന്നു. ആകാശത്ത് നക്ഷത്രമുദിക്കുകയും കൃഷ്ണപ്പരുന്ത് പറക്കുകയും ചെയ്യുന്നതോടൊപ്പം തെളിഞ്ഞണയുന്ന വിചിത്ര ജ്യോതിസ്സ്്. ദേവന്മാര്‍ സ്വാമി അയ്യപ്പന് നടത്തുന്ന നീരാജനം...''
"...സാധുക്കളായ തമിഴനും തെലുങ്കനും എല്ലാം പുളകിതഗാത്രരായി കണ്ണുനീരോടെ, തൊഴുകയ്യോടെ മടങ്ങുന്നു. നാട്ടില്‍ ചെന്ന് കണ്ടവരോടെല്ലാം ഈ മഹാത്ഭുതം പറയുന്നു. അടുത്ത ആണ്ട് അവരും കെട്ടുംകെട്ടി പുറപ്പെടുന്നു. എല്ലാം വിറ്റുപെറുക്കി ഭഗവത് സന്നിധിയില്‍ ചെന്ന് ചൊരിയുന്നു. കണ്ണാലെ കണ്ടല്ലോ ദേവന്മാരുടെ ദീപാരാധന.
ആകാശദീപാരാധന നടത്തുന്നത് ആലിബാബയും നാല്‍പത് കള്ളന്മാരുമാണെന്ന് വര്‍ഷങ്ങളായി മലയാളിക്കറിയാം. ദേവസ്വം ബോര്‍ഡിനും പോലീസ് വകുപ്പിനും വിദ്യുച്ഛക്തി വകുപ്പിനും വനംവകുപ്പിനും അറിയാം, അറിയാത്തത് കള്ളമറിയാത്ത സാധു ലക്ഷങ്ങള്‍ക്ക് മാത്രം. അവര്‍ ആവേശത്തോടെ കൂട്ടംകൂട്ടമായി വന്നുകൊണ്ടേയിരിക്കുന്നു; മലയാളമണ്ണിലെ ഈ മഹാത്ഭുതം കാണുവാന്‍...''
"...അങ്ങനെ പൊന്നുപൂശിയ തൃക്കോവില്‍ കാണാനും ആകാശത്തെ മായാദീപം കാണാനും ലക്ഷങ്ങള്‍, കോടികള്‍ ശരണംവിളിച്ചെത്തുന്നു. ഓരോ വര്‍ഷവും അവരുടെ എണ്ണം പെരുകുന്നു. ലക്ഷങ്ങള്‍ കോടികള്‍ നമ്മുടെ കീശയിലേക്കും ഖജനാവിലേക്കും വന്നുമറിയുന്നു. അതിനെല്ലാം എന്തു വേണ്ടൂ? എന്തു കെട്ടുകാഴ്ചക്കും തയ്യാര്‍ വരട്ടെ പണം. കുറേപേര്‍ ചവിട്ടേറ്റും തിക്കിലും തിരക്കിലും പെട്ട് ശ്വാസംമുട്ടി പിടഞ്ഞുമരിച്ചു. കുറ്റം ആരുടേതാണെന്നതിനെകുറിച്ച് നമുക്ക് തര്‍ക്കിക്കാം. ദേവസ്വം ബോര്‍ഡിന്റേതാണോ ഗവണ്‍മെന്റിന്റേതാണോ കൂടുതല്‍ കാടുവെളുപ്പിക്കാന്‍ അനുവദിക്കാത്ത കേന്ദ്രത്തിന്റേതാണോ എന്നൊക്കെ നമുക്ക് വാദപ്രതിവാദം നടത്താം. അന്വേഷണം ആവശ്യപ്പെടാം. അതിലൂടെ സമാധാനം കണ്ടെത്താം...''
"...മദ്യം പൂശിയും മായാജ്യോതി കാട്ടിയും ഹിന്ദുധര്‍മത്തെ പങ്കിലമാക്കുന്നതില്‍ മനംനൊന്തുപോകുന്നവര്‍ കുറേപേരുണ്ട് ഈ നാട്ടില്‍. ഇവര്‍ ഇരുകയ്യുമുയര്‍ത്തി ഭഗവാനെ വിളിക്കുന്നു. സ്വാമിയേ പൊറുക്കണേ! പൊറുക്കണേ! എന്നുമാത്രം.'' (ആലിബാബയും നാല്‍പതുകള്ളന്‍മാരും, സുഗതകുമാരി, മാതൃഭൂമി 17/02/1999)
എന്നാല്‍ സത്യം പകല്‍പോലെ വ്യക്തമായിട്ടും ഈ അന്ധവിശ്വാസം തുടരാന്‍ തന്നെയാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് അവരുടെ മാധ്യമ പ്രസ്താവനകള്‍ നമുക്ക് വ്യക്തമാക്കിത്തരുന്നത്. ശബരിമല അഡ്വക്കറ്റും ദേവസ്വംമന്ത്രിയും മുഖ്യമന്ത്രിയും ഇതേവാദം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഒരു പടികൂടി കടന്ന്, തന്ത്രി മറിച്ചൊരഭിപ്രായം പറഞ്ഞാല്‍ പോലും അത് അംഗീകരിക്കാന്‍ കൂട്ടാക്കുകയില്ലെന്നാണ് ഇന്ത്യയുടെ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ് പറഞ്ഞിരിക്കുന്നത്. ഏതായാലും ടി.എന്‍ ഗോപകുമാര്‍ പറഞ്ഞത് പോലെ(വ്യാജാഗ്നി: കലാകൌമുദി 1638) ഉപഗ്രഹചിത്രങ്ങളും ആധുനിക സാങ്കേതിക സംവിധാനങ്ങളും നിലവിലുള്ള ഇക്കാലത്ത് മകരജ്യോതിദര്‍ശനത്തോടൊപ്പം അതിലെ തട്ടിപ്പുകളുംകൂടി ദൃശ്യമാധ്യമങ്ങള്‍ ലൈവായി കാണിക്കുന്ന ഒരു കാലത്തെകുറിച്ചുള്ള സാധ്യത പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു; അന്ധവിശ്വാസങ്ങളില്‍ നിന്ന് ഭക്തരെ മോചിപ്പിക്കുവാന്‍ അത്തരം ശാസ്ത്രീയ ദൃശ്യവിരുന്നുകൂടി വേണമോ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ശബരിമല അധികൃതരും സംസ്ഥാന അധികാരികളുമാണ്. അങ്ങനെയൊരു അവസ്ഥ സംജാതമാവുന്നതിന് മുമ്പ് സത്യം ഏറ്റുപറഞ്ഞ് തെറ്റുതിരുത്തുവാന്‍ തയ്യാറാവുന്നതല്ലേ നല്ലത്? നാടിനെ നേര്‍വഴിക്ക് നടത്തേണ്ട മതനേതാക്കന്മാരില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത് അതാണ്.

ക്രിസ്തുമതം അഥവാ മിത്രാസ്മതം

ക്രിസ്തുമതം അഥവാ മിത്രാസ്മതം
ഈസ പെരുമ്പാവൂര്‍
ബൈബിള്‍ സ്റ്റഡി
യേശുവില്‍ വിശ്വസിച്ചവര്‍ അപ്പൊസ്തലന്‍മാരുടെ നേതൃത്വത്തില്‍ ഓരോ വീടുകളില്‍ ഒരുമിച്ച് കൂടുകയും അപ്പം നുറുക്കുകയും ഉപദേശം സ്വീകരിക്കുകയും ചെയ്തുപോന്നു എന്ന് ബൈബിള്‍ വിവരിക്കുന്നു. ഈ പ്രത്യേകം കൂട്ടായ്മയെ സഭയെന്നാണ് വിളിച്ചിരുന്നത്. മോശൈക ന്യായപ്രമാണത്തില്‍ പറയപ്പെട്ടിരിക്കുന്ന ക്രിസ്തുവായിരുന്നു യേശുവെന്ന് വിശ്വസിക്കുന്നതിലൂടെ ഇവരാരും പുതിയ ഒരു മതം സ്വീകരിക്കുകയായിരുന്നില്ല; മറിച്ച്, അവരുടെ യഹൂദ മതത്തെ പരിപൂര്‍ണമായി അനുസരിക്കുകയായിരുന്നു. അതിനാല്‍ തന്നെ, പൊതുവായ പ്രാര്‍ഥനകള്‍ക്കും നേര്‍ച്ചകള്‍ക്കും ആഘോഷങ്ങള്‍ക്കും പരിച്ഛേദനയ്ക്കും മറ്റ് ഇതര ആരാധന കര്‍മങ്ങള്‍ക്കും അതോടൊപ്പം മറ്റ് മതപരമായ സിവില്‍ ക്രിമിനല്‍ നിയമങ്ങളോടും ഒന്നും തന്നെ ക്രിസ്തു അനുയായികള്‍ക്ക് യഹൂദന്‍മാരുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. യേശുവിനെ അംഗീകരിക്കുന്നവരും അല്ലാത്തവരുമായ മുഴുവന്‍ യഹൂദന്‍മാരും, യഹൂദ മതം സ്വീകരിച്ചവരുമെല്ലാം യെരുശലേം ദേവാലയമെന്ന ആരാധനാലയത്തിലെ സ്ഥിരം അംഗങ്ങളാണ്. ഇവര്‍ക്കെല്ലാം യഹൂദ മതത്തിലെ മെമ്പര്‍ഷിപ്പ് ആണുള്ളതെന്ന് ചുരുക്കം.
വ്യവസ്ഥാപിതമായ യഹൂദ മതത്തില്‍ നിലകൊള്ളുന്നതോടൊപ്പം, യഹൂദ മതനേതൃത്വം തള്ളിക്കളഞ്ഞ ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തിനു വേണ്ടിയാണ് അപ്പൊസ്തലന്‍മാര്‍ പ്രത്യേകം സഭ കൂടിയിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് പൌലോസിന്റെ ക്രിസ്ത്യാനി സഭ. യഹൂദ മതസംസ്ക്കാരം അഥവാ മോശൈക ന്യായപ്രമാണമാകുന്ന സംസ്ക്കാരം പൂര്‍ണമായി അവഗണിച്ച ക്രിസ്ത്യാനികള്‍ക്ക്, യെരുശലേം ദേവാലയവുമായോ മറ്റ് പ്രാദേശിക സിനഗോഗുകളുമായോ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇക്കാരണത്താല്‍, ഇവര്‍ക്ക് ക്ളിപ്തമായ ആരാധന രീതിയോ, ആഘോഷങ്ങളോ ശബത്ത് ദിവസമോ മറ്റ് കര്‍മങ്ങളോ ഒന്നും ഇല്ല. ആരാധനപരമായ കാര്യങ്ങളില്‍ പോലും ദൈവിക നിയമം ബാധകമല്ലാത്ത ഈ ലക്ഷ്യം തെറ്റിയ ചെറിയ ആള്‍ക്കൂട്ടത്തിന് മോശൈക ന്യായപ്രമാണം നിര്‍ദ്ദേശം നല്‍കിയ രാജ്യ രാജ്യാന്തര നിയമങ്ങളോ, ഐഹിക നീതി, ന്യായ വ്യവസ്ഥകളോ, ശിക്ഷാ നിയമങ്ങളോ, യുദ്ധ-യുദ്ധാനന്തര നിയമങ്ങളോ ഒന്നും തീരെയും ആവശ്യമില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. ഓല വാങ്ങി സ്വന്തമായി ഒരു കുടില് പണിയുവാന്‍ ഗതിയില്ലാത്ത വ്യക്തി, കൊട്ടാരം പണിയുവാനുള്ള സാമഗ്രികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് അനുചിതമാണല്ലോ.
ഇത്രത്തോളം ദുര്‍ബലമായ ക്രിസ്ത്യാനികള്‍ എങ്ങനെയാണ് ഇന്ന് ഭൂലോകം മുഴുവന്‍ വ്യാപിച്ചതെന്ന ചോദ്യം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാവുകയാണ്. ക്രൈസ്തവ സഹോദരങ്ങള്‍ കരുതുന്നത് പോലെ ഇതൊരു ശക്തമായ ദൈവിക ഇടപെടല്‍ മൂലം നടന്നതാണോ അതോ, ഇതിന് ഒരു മറുവശമുണ്ടോ? യെരുശലേമില്‍ വച്ച് ഒരു തവണ പോലും തറപ്പിച്ച് പറയുവാന്‍ പൌലോസ് ധൈര്യം കാണിക്കാതിരുന്ന പുതിയ നിയമ സിദ്ധാന്തം കരയും കടലും കീഴടക്കി മുന്നേറുവാന്‍ ആശ്രയിച്ചത് വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ദൈവത്തിനെയാണോ, അതോ അദ്ദേഹത്തിന്റെ ശത്രുവിനെയാണോയെന്ന് നോക്കാം.
അപ്പൊസ്തലന്‍മാരും പൌലോസും സഞ്ചരിച്ചത് ഒരേ ആത്മീയവഴിയിലൂടെയാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഓരോ ക്രൈസ്തവ ചരിത്രകാരന്‍മാരുടെയും പ്രധാനലക്ഷ്യം. ഇങ്ങനെ ഒരിക്കലും യോജിക്കാത്ത അപ്പൊസ്തലന്‍മാരുടെ ക്രിസ്തുമാര്‍ഗത്തെയും പൌലോസിന്റെ കുരിശു മാര്‍ഗത്തെയും ഒരുമിച്ച് ഒരു സാങ്കല്‍പിക സഭയില്‍ ഇവര്‍ കുടിയിരുത്തി. തുടര്‍ന്ന് ഇടക്കാലത്ത് നിലച്ച് പോയ അപ്പൊസ്തലന്‍മാരുടെ സത്യമാര്‍ഗത്തിലേക്ക് പൌലോസിന്റെ കുരിശുമാര്‍ഗത്തെ വിളക്കിച്ചേര്‍ക്കുകയും അവിടെ നിന്ന് ഒരു നേര്‍രേഖവരച്ച് ഇന്നത്തെ ക്രിസ്ത്യാനികളിലേക്ക് എത്തിക്കുകയും ചെയ്തു. അപ്പോള്‍ ക്രിസ്തുവില്‍ നിന്ന് ആരംഭിച്ച്, പന്ത്രണ്ട് അപ്പൊസ്തലന്‍മാരോടൊപ്പം പൌലോസും കൂടി ഒരുമിച്ച് പരിശ്രമിച്ച് വളര്‍ത്തിയെടുത്തതാണ് ക്രിസ്തുമതം എന്ന ഒരു വമ്പന്‍ കെട്ടുകഥ ക്രൈസ്തവ ചരിത്രകാരന്‍മാര്‍ ലോകത്തിന് സമ്മാനിച്ചു. എന്നാല്‍ ഈ ചരിത്രത്തിനെ നിരൂപണവിധേയമാക്കി പുനരന്വേഷിച്ചപ്പോള്‍ ലഭിച്ച സത്യസന്ധമായ വിവരണമാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് മുമ്പിലുള്ളത്.
സത്യത്തിന്റെ തളര്‍ച്ചയും വ്യാജത്തിന്റെ വളര്‍ച്ചയും

ഇന്നുള്ള അവസ്ഥയിലേക്ക് ക്രിസ്തുമതത്തെ പരിവര്‍ത്തിപ്പിച്ചതില്‍ റോമന്‍ സാമ്രാജ്യത്തിന്റെ പങ്ക് വളരെ വലുതാണ്. ക്രിസ്താബ്ദം 62 വരെയുള്ള ക്രൈസ്തവചരിത്രം ബൈബിളില്‍ നിന്ന് ലഭ്യമാണ്. ഇതില്‍ നിന്നും നാല് വര്‍ഷം മാത്രം പിന്നിട്ടപ്പോള്‍ അവര്‍ ജീവിച്ചിരുന്ന സാമൂഹിക സാഹചര്യം പെട്ടെന്ന് മാറ്റപ്പെടുകയുണ്ടായി. ക്രിസ്താബ്ദം 66ല്‍ റോമന്‍ ചക്രവര്‍ത്തിയായ നീറോയ്ക്കെതിരായി യഹൂദന്മാര്‍ വിപ്ളവം ആരംഭിച്ചു. ഇതിനെ അടിച്ചമര്‍ത്തുന്നതിനായി വെസ്പാസിയന്‍ എന്ന വ്യക്തിയെ നീറോ ചക്രവര്‍ത്തി സൈന്യാധിപനായി നിയോഗിച്ചു. ക്രിസ്താബ്ദം 68 ജൂണില്‍ നീറോ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് വെസ്പാസിയന്‍ ചക്രവര്‍ത്തിയായി. അദ്ദേഹം തന്റെ മകനായ ടൈറ്റസിനെ യഹൂദവിപ്ളവം അമര്‍ച്ചചെയ്യുവാനായി പലസ്തീനിലേക്ക് അയച്ചു. ടൈറ്റസ് യഹൂദന്‍മാരെ പരാജയപ്പെടുത്തി. യെരുശലേം കീഴടക്കി. ക്രിസ്താബ്ദം 70 സെപ്റ്റംബര്‍ 26 ാം തീയതി യെരുശലേം ദേവാലയം നശിപ്പിച്ചു. യെരുശലേമിന്റെ രാജപാതകളിലെല്ലാം യഹൂദന്മാരുടെ ചോര ഒഴുകി. നിരവധി യഹൂദന്മാര്‍ ജയിലിലാക്കപ്പെട്ടു. ഏകദേശം ആറു ലക്ഷത്തോളം ആളുകള്‍ ഈ കലാപത്തില്‍ കൊല്ലപ്പെട്ടതായിട്ടാണ് കരുതുന്നത്.
നീറോയുടെയും വെസ്പാസിയന്റെയും കാലത്ത് നടന്ന ഈ യിസ്രയേല്യ അടിച്ചമര്‍ത്തലില്‍ യെരുശലേമിലെ അപ്പൊസ്തല സഭ ഏതാണ്ട് തകര്‍ന്നു പോയി. അപ്പൊസ്തല പ്രമുഖനായ പത്രോസിനെ റോമാക്കാര്‍ തലകീഴായി ക്രൂശിച്ചു കൊന്നു. മോശൈക ന്യായപ്രമാണം ഇപ്പോഴും മുറുകെ പിടിക്കുന്നുവെന്ന് കള്ളം പറഞ്ഞ പൌലോസ്, ഇക്കാരണത്താല്‍ തന്നെ റോമന്‍ തടവറയില്‍ വെച്ച് വധിക്കപ്പെട്ടു. യഹൂദ സംസ്ക്കാരം തീക്ഷ്ണമായി പിന്‍പറ്റിയിരുന്ന അപ്പൊസ്തല സഭാവിശ്വാസികളില്‍ ഭൂരിപക്ഷംപേര്‍ ക്രൂരമായി വധിക്കപ്പെടുകയോ ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെടുകയോ ചെയ്തിട്ടുണ്ടാകാം. ഏതായാലും, റോമന്‍ സാമ്രാജ്യത്തിനകത്ത് അവരുടെ ഉപദേശങ്ങള്‍ പൂര്‍ണമായും നിശബ്ദമാക്കപ്പെട്ടു.
റോമന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് യെരുശലേം സഭയ്ക്കുണ്ടായ ശക്തമായ പ്രതിസന്ധി അനുഗ്രഹമായി തീര്‍ന്നത് യഹൂദ സംസ്ക്കാരം തൊട്ടു തീണ്ടാത്ത പൌലോസിന്റെ അനുയായികള്‍ക്കാണ്. ഭരണകൂടത്തിന്റെ കണ്ണില്‍ പെടാതെ പ്രവര്‍ത്തിക്കാന്‍ ഈ സംസ്ക്കാരമില്ലായ്മ’അവര്‍ക്ക് വലിയ ഒരു അനുഗ്രഹമായി തീര്‍ന്നു. ചിതലിന്റെ പ്രവര്‍ത്തനം പോലെ ബാഹ്യമായ യാതൊരു പ്രകടനവുമില്ലാതെ, ആശയപ്രചരണം സുഗമമായി ഇവര്‍ നടത്തി. റോമന്‍ ഐഹിക ഭരണഘടനയ്ക്ക് വിരുദ്ധമായ മോശൈക ഭരണഘടന ഇവര്‍ക്ക് ഇല്ലാത്തതിനാല്‍ ഇവര്‍ രാജ്യദ്രോഹികളുമല്ല. ഒരു പ്രത്യേക ആത്മീയ സംഘങ്ങള്‍ എന്നതിലുപരി ഇവരെ ഗൌരവമായി പരിഗണിക്കേണ്ട യാതൊരു ആവശ്യവും ഭരണകര്‍ത്താക്കള്‍ക്ക് ഇല്ല. ഈ നിഷ്കളങ്ക പരിവേഷം പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് ക്രിസ്ത്യാനികള്‍ എണ്ണത്തില്‍ പെരുകി.
ഇവരുടെ വ്യാജ സുവിശേഷത്തിന് തടസ്സം സൃഷ്ടിക്കേണ്ടവരായ യെരുശലേം സഭ തീര്‍ത്തും ദുര്‍ബലമായതോടെ, യഥാര്‍ഥ ക്രിസ്തു സന്ദേശം പതുക്കെ വിസ്മൃതിയിലായി. യേശുവിന്റെ ദൌത്യം എന്തായിരുന്നുവെന്ന് പൌലോസ് പറഞ്ഞത് വിശ്വസിക്കേണ്ട അവസ്ഥയിലേക്ക് കാലം വഴിമാറ്റപ്പെട്ടു. ആദമിലൂടെ മനുഷ്യര്‍ക്ക് ലഭിക്കുന്ന ജന്‍മപാപവും, പാപം മൂലം മനുഷ്യനെ ശപിക്കപ്പെട്ടവനാക്കി തീര്‍ക്കുന്ന മോശൈക ന്യായപ്രമാണവും ഒരേ സമയം നീക്കുന്നതിന് ദൈവം മനുഷ്യവതാരമെടുത്ത് ഭൂമിയില്‍ വന്നതാണ് യേശുവെന്നും അദ്ദേഹത്തിന്റെ ക്രൂശുമരണത്തിലൂടെ മാത്രമേ സര്‍വ്വര്‍ക്കും പാപമോചനം ലഭിക്കുകയുള്ളൂവെന്ന പൌലോസിന്റെ കെട്ടുകഥ’മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവായി സുവിശേഷ മേഖല അടക്കി ഭരിച്ചു.
മാറി വരുന്ന റോമന്‍ ചക്രവര്‍ത്തിമാരുടെ നിലപാടനുസരിച്ച് സാഹചര്യങ്ങള്‍ക്ക് ചെറിയ മാറ്റങ്ങള്‍ ഉണ്ടായികൊണ്ടിരുന്നു. റോമന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം യഹൂദന്മാരും ക്രിസ്ത്യാനികളും അനഭിമതരാണെങ്കിലും, രണ്ടു കൂട്ടരോടുമുള്ള സമീപനം തീര്‍ത്തും വ്യത്യസ്തമാണ്. യഹൂദന്മാര്‍ മതപരമായി ശക്തിപ്പെടുന്നത് റോമാക്കാരുടെ ഭരണകൂടത്തിനും അവരുടെ മിത്രാസ് മതത്തിനും ഒരുപോലെ ദോഷമാണെങ്കില്‍, ക്രിസ്ത്യാനികളുടെ വളര്‍ച്ചകൊണ്ട് മതപരമായ പ്രശ്നം മാത്രമാണുണ്ടാവുക.
യഹൂദന്മാരില്‍നിന്ന് സംഘടിത നീക്കങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ എല്ലാ നിയമ നടപടികളും റോമന്‍ സാമ്രാജ്യം സ്വീകരിച്ചു. പെരുന്നാളുകളില്‍ യെരുശലേം ദേവാലയത്തില്‍ ഒരുമിച്ച് സമ്മേളിക്കുന്നതിലൂടെ ഇവര്‍ക്കുണ്ടാകുന്ന ഐക്യം ഇല്ലാതാക്കുന്നതിന്, ക്രിസ്താബ്ദം 130ല്‍ റോമന്‍ ചക്രവര്‍ത്തിയായ ഹാഡ്രിയന്‍ യെരുശലേം ദേവാലയം തകര്‍ത്തുകളഞ്ഞുകൊണ്ട് പകരം ആ സ്ഥാനത്ത് ജൂപിറ്റര്‍ ദേവന്റെ ആരാധനാലയം പണിയുവാന്‍ നിര്‍ദ്ദേശിച്ചു. ഇതിനെ എതിര്‍ത്ത യഹൂദന്മാരെ അടിച്ചൊതുക്കുകയും യെരുശലേം നഗരത്തിന് പുറത്താക്കുകയും ചെയ്തു. യെരുശലേമില്‍ പരിച്ഛേദന കര്‍മ്മം നിരോധിക്കപ്പെട്ടു. യെരുശലേം നഗരത്തെ ഒരു റോമന്‍ നഗരമാക്കി മാറ്റുകയും അനേകം റോമന്‍ ദേവന്‍മാരുടെ ആരാധനാലയങ്ങള്‍ അവിടെ പണിയുകയും ചെയ്തു. റോമാക്കാര്‍ യഹൂദന്മാരുടെ മേല്‍ അവരുടെ രണ്ടു കണ്ണുകളും തുറന്നുവെച്ച് നിരീക്ഷണം നടത്തികൊണ്ടിരുന്നു. ഇവരെ നിസ്സാരമായി വിട്ടാല്‍ സംഭവിക്കുന്ന ഭവിഷ്യത്തിനെ കുറിച്ച് റോമക്കാര്‍ പൂര്‍ണബോധവാന്‍മാരായിരുന്നു.
ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ക്രിസ്ത്യാനികളോടുള്ള റോമാക്കാരുടെ സമീപനം. തങ്ങളുടെ ആരാധനാനുഷ്ഠാനങ്ങളെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രത്രേക ആത്മീയ സംഘമായി മാത്രമാണ് ഇവര്‍ പരിഗണിക്കപ്പെട്ടിരുന്നത്. ക്രിസ്താബ്ദം 98-117ല്‍ ട്രാജന്‍ റോമന്‍ ചക്രവര്‍ത്തിയായിരിക്കേ, ഏഷ്യ മൈനറിലെ ഗവര്‍ണറായിരുന്ന ജൂനിയര്‍ പ്ളിനി, ക്രിസ്ത്യാനികളുടെ കുറ്റം വ്യക്തമാക്കുന്ന അനേകം കത്തുകള്‍ ചക്രവര്‍ത്തിയ്ക്ക് അയക്കുകയുണ്ടായി. ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ ദൈവമായി ആരാധിക്കുന്നു, പാട്ടുകള്‍ പാടുന്നു. റോമന്‍ ആരാധനാലയങ്ങളെയും ബലിപീഠങ്ങളെയും ഉപേക്ഷിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് പ്രസ്തുത കത്തുകളില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ചക്രവര്‍ത്തിയുടെ ഉത്തരവനുസരിച്ച് നിരവധി ക്രിസ്ത്യാനികളെ പ്ളിനി വിസ്തരിച്ചു. ക്രിസ്തുവിനെ തള്ളിപ്പറയാത്തവരെ ശിക്ഷിക്കുകയും അനേകരെ വധിക്കുകയും ചെയ്തു. വിസ്താരവേളയില്‍ ക്രിസ്തുവിനെ തള്ളിപറഞ്ഞ് റോമന്‍ ദൈവങ്ങളുടേയും ചക്രവര്‍ത്തിമാരുടെയും പ്രതിമകളെ നമസ്കരിക്കരിച്ചവരെ വെറുതെ വിട്ടു. ധാരാളം ആളുകള്‍ പൌലോസ് പഠിപ്പിച്ച ക്രിസ്തുവിന് വേണ്ടി രക്തസാക്ഷികളായി. പീഡനങ്ങളില്‍ സഹിച്ചു നില്‍ക്കേണ്ടതിന് ധാരാളം ആളുകള്‍ സന്യാസ ജീവിതം തിരഞ്ഞെടുത്തു. അവര്‍ക്ക് കിട്ടിയ വിശ്വാസത്തിന് വേണ്ടി കഠിനമായ ത്യാഗങ്ങള്‍ സഹിച്ചു. അവസാനം ഇതിനൊരു അറുതി വരുത്തികൊണ്ട് അത് അര്‍ഹിക്കുന്ന സ്ഥാനത്ത് എത്തപ്പെട്ടു.
റോം കുരിശുവിശ്വാസത്തിലേക്ക്

ക്രിസ്താബ്ദം 313 ല്‍ റോമന്‍ ചക്രവര്‍ത്തിയായ കൊണ്‍സ്റന്‍റ്റെന്‍ ക്രിസ്ത്യാനിയായി. അതിന് നിദാനമായ സംഭവം ഇതാണ്. ക്രിസ്താബ്ദം 306 ല്‍ പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ ഉന്നത പദവിയിലേക്ക് കൊണ്‍സ്റന്‍റ്റെന്‍ നിയുക്തനായി. ഇതിനെ മറ്റ് പ്രവിശ്യകളിലെ ഗവര്‍ണറായിരുന്ന മാക്സിന്റിെയൂസും, ലിചിനിയൂസും എതിര്‍ത്തു. എന്നാല്‍ ഇവരെ യുദ്ധത്തിലൂടെ പരാജയപ്പെടുത്തിക്കൊണ്ട് അദ്ദേഹം ആധിപത്യം ഉറപ്പിച്ചു. ക്രിസ്താബ്ദം 312 ല്‍ റോമിലെ മിള്‍വിയന്‍ ബ്രിഡ്ജിന് സമീപം നടന്ന യുദ്ധത്തിലൂടെയാണ് അദ്ദേഹം മാക്സിന്റെയൂസിനെ പരാജയപ്പെടുത്തിയത്.
പ്രസ്തുത യുദ്ധത്തിന്റെ തലേ ദിവസം രാത്രി, നാളെ എന്ത് സംഭവിക്കും എന്ന ഉത്കണ്ഠ അദ്ദേഹത്തെ കഠിനമായി ബാധിച്ചു. ബഹുദൈവ വിശ്വാസിയായ അദ്ദേഹം തന്റെ ദേവനോട് പ്രാര്‍ഥിച്ചു. ഉടനെ ആകാശത്തില്‍ ഒരു കാഴ്ച കണ്ടു. ഒരു പ്രകാശവലയം, അതിനുളളില്‍ ഒരു കുരിശിന്റെ അടയാളം. കുരിശിന്റെ തൊട്ടുതാഴെ "ഇന്‍ ഹോക്ക് സീഞ്ഞോ വീഞ്ചസ്'' എന്ന് രേഖപ്പെടുത്തിയിരുന്നു. അര്‍ഥം ഈ അടയാളത്തില്‍ നീ വിജയം വരിക്കും. ഈ ദര്‍ശനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട അദ്ദേഹം കുരിശിന്റെ ചിഹ്നം യുദ്ധത്തില്‍ ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. കവചങ്ങളിലും പതാകകളിലും അദ്ദേഹം അത് ഉപയോഗിച്ചു. മിള്‍വിയന്‍ ബ്രിഡ്ജ് യുദ്ധത്തില്‍ കൊണ്‍സ്റന്‍റ്റെന്‍ ജേതാവായി.
യുദ്ധത്തില്‍ ലഭിച്ച വിജയം കൊണ്‍സ്റന്‍റ്റൈന്‍ ചക്രവര്‍ത്തിയെ കുരിശില്‍ രക്ഷാമാര്‍ഗം കണ്ടെത്തിയ ക്രിസ്ത്യാനികളിലേക്ക് അടുപ്പിച്ചു. ക്രിസ്താബ്ദം 313 ഫെബ്രുവരിയില്‍ കൊണ്‍സ്റ്റെന്‍റ്റെന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ റോമ സാമ്രാജ്യത്വത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റേത് രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുളള പരിവര്‍ത്തനമായിരുന്നു. ഇതോടുകൂടി ക്രിസ്ത്യാനികള്‍ക്ക് പീഡനങ്ങള്‍ അവസാനിച്ചു. ദൈവരാജ്യം സമാഗതമായെന്ന് അവര്‍ തെറ്റിദ്ധരിച്ചു. ഒളിവില്‍ കഴിഞ്ഞിരുന്ന വിശ്വാസികള്‍ എല്ലാം പകല്‍ വെളിച്ചത്തിലെത്തി. ഇവരുടെ ഭീതിയും പ്രവര്‍ത്തനത്തിന്റെ രഹസ്യ സ്വഭാവവും അവസാനിച്ചു. ആദര്‍ശബോധമില്ലാത്ത ധാരാളം ബഹുദൈവാരാധകര്‍ ക്രിസ്ത്യാനികളായി. യഥാ രാജ തഥാ പ്രജ എന്നു പറയുന്നതുപോലെ, റോമന്‍ ചക്രവര്‍ത്തി അംഗമായിരിക്കുന്ന മതത്തില്‍ അദ്ദേഹത്തിന്റെ പ്രജകളെല്ലാം ക്രിസ്ത്യാനികളായി. മതത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെട്ടു.
റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെട്ടതോടെ സാമ്രാജ്യത്തിന്റെ ഭരണ സമ്പ്രദായവും ക്രിസ്തുമതം അന്ധമായി അനുകരിച്ചു. അപ്പൊസ്തലന്‍മാരുടെ നിലപാടിനെ ധിക്കരിക്കുകയും ന്യായപ്രമാണത്തിന്റെ ഐഹിക ചട്ടക്കൂടില്‍ നിന്ന് സ്വയം പുറത്ത് പോവുകയും ചെയ്ത പൌലോസിന്റെ അനുയായികള്‍ മൂന്നാം നൂറ്റാണ്ടോടെ തികച്ചും മനുഷ്യ നിര്‍മിതമായ ഐഹിക ചട്ടക്കൂടിനുളളില്‍ അഭയം പ്രാപിച്ചു. അങ്ങനെ ക്രിസ്തുമത വിശ്വാസികള്‍ പുരോഹിതന്‍മാരും (വൈദികര്‍), പുരോഹിതന്‍മാര്‍ അല്ലാത്തവര്‍ (അല്‍മായര്‍) എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഇതില്‍ പുരോഹിത വര്‍ഗം ഭരണകര്‍ത്താക്കളായി ഒന്നാം തട്ടിലും അല്‍മായര്‍ രണ്ടാം തട്ടിലുമായി. റോമന്‍ സ്റേറ്റിന്റെ റവന്യു ഡിവിഷനുകളെ അനുകരിച്ചു കൊണ്ട് ഇടവക, രൂപത എന്നിങ്ങനെ സ്ഥാപനങ്ങള്‍ നിലവില്‍ വന്നു. വിശ്വാസികളുടെ പ്രാദേശിക സഭയെ ഇടവകയാക്കിയും അതിന്റെ അധികാരിയായി ഒരു വൈദീകനെ നിയോഗിക്കുകയും ചെയ്തു. നിരവധി വൈദീകരുടെയും ഇടവകകളുടെയും അധിപനാണ് ബിഷപ്പ് (മെത്രാന്‍). ബിഷപ്പിന്റെ അധികാരത്തില്‍ വരുന്നതാണ് രൂപത. മെത്രാന്‍മാര്‍ക്ക് മുകളില്‍ മെത്രോപ്പോലിത്തയും പിന്നെ പാത്രീയര്‍ക്കീസുമാരും വന്നു. പാത്രീയര്‍ക്കീസ് കാതോലിക്ക, മാര്‍പാപ്പ എന്നീ സ്ഥാനങ്ങള്‍ മതത്തിന്റെ പരമാധികാരങ്ങളായി പ്രതിഷ്ഠിച്ചു. ഇപ്രകാരമുളള മതനേതൃത്വത്തെ നിയന്ത്രിച്ചിരുന്നത് റോമന്‍ ചക്രവര്‍ത്തിയായിരുന്നു.
ചക്രവര്‍ത്തിയുടെ പ്രതിനിധിയായി മാര്‍പാപ്പ നിയോഗിക്കപ്പെട്ടു. കൊണ്‍സ്റ്റന്‍റ്റെന് സ്ത്രീധനമായി ലഭിച്ച ലാറ്ററന്‍ കൊട്ടാരം മാര്‍പ്പാപ്പയുടെ ഔദ്യോഗിക വസതിയായി. രാജകീയമായ വേഷങ്ങളും ആഢംബര ജീവിതരീതിയും ചക്രവര്‍ത്തി മാര്‍പാപ്പയ്ക്ക് അനുവദിച്ചു. ഇപ്രകാരമുളള ഭൌതീക ഉന്നതി മൂലം യേശുവിനെക്കുറിച്ച് ഒന്നും അറിയാത്തവരും ബഹുദൈവാരാധകരുമായ ധാരാളം ആളുകള്‍ ക്രിസ്ത്യാനികളായി. പുറത്തുനിന്നുള്ള പ്രശ്നങ്ങള്‍ അവസാനിച്ചതോടെ ക്രിസ്ത്യാനികള്‍ക്കിടയിലെ ആശയ സംവാദങ്ങള്‍ ആരംഭിച്ചു. ദൈവം ഏകനാണെന്ന് വാദിച്ച ബിഷപ്പ് അരിയൂസും ത്രിയേകനാണെന്ന് വാദിച്ച ബിഷപ്പ് അത്തനേഷ്യസും തമ്മിലുണ്ടായ സംവാദങ്ങള്‍ ഇതില്‍ പ്രധാനമാണ്. ഇപ്രകാരമുള്ള ആശയകുഴപ്പങ്ങള്‍ ഒഴിവാക്കി ക്രിസ്തുമതത്തിന് ഏക സ്വഭാവമുണ്ടാകേണ്ടതിന് നിഖ്യ എന്ന സ്ഥലത്ത് ഒരു കൌണ്‍സില്‍ കൊണ്‍സ്റന്‍റ്റെന്‍ സംഘടിപ്പിച്ചു. ഒരു മാസം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കു ശേഷം അധ്യക്ഷസ്ഥാനം വഹിച്ചിരുന്ന ചക്രവര്‍ത്തി ത്രിയേക സിദ്ധാന്തത്തെ ക്രിസ്തുമതത്തിന്റെ അടിസ്ഥാനവിശ്വാസമായി പ്രഖ്യാപിച്ചു.
മിത്രാസ് മതം

റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി നൂറ്റാണ്ടുകളോളം നിലനിന്ന മിത്രാസ് മതത്തെ കൊണ്‍സ്റന്‍റ്റെന്‍ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നില്ല. തന്റെ ഭരണത്തിന്‍ കീഴിലുള്ള ഇവരില്‍ നിന്നും തന്റെ മത പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. മിത്രാസ് മതത്തിന്റെ ആദര്‍ശവും അനുഷ്ഠാനങ്ങളും പ്രത്യേക ദിവസങ്ങളുമൊക്കെ അല്പം ഭേദഗതിവരുത്തികൊണ്ട് ക്രിസ്തുമതത്തിലേക്ക് അദ്ദേഹം പ്രവേശിപ്പിച്ചു. ഇങ്ങനെ ഇരുകൂട്ടര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒരു പുതിയ മതത്തെ ക്രിസ്തുവിന്റെ പേരില്‍ അദ്ദേഹം സ്ഥാപിച്ചു. ഇങ്ങനെ കുരിശിന്റെ മാര്‍ഗത്തെ കൊണ്‍സ്റന്‍റ്റൈന്‍ വ്യവസ്ത്ഥാപിതമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ പൂര്‍വ്വിക മതം എത്ര അളവില്‍ ചേര്‍ത്തിട്ടുണ്ടെന്ന് കൂടി മനസ്സിലാക്കുന്നതിന് മിത്രാസ് മതം എന്തായിരുന്നുവെന്ന് അല്പം വിശദകരിക്കേണ്ടതുണ്ട്.
ഉത്ഭവം

നോഹ പ്രവാചകന്റെ കാലത്തെ ജലപ്രളയത്തിന് ശേഷം, അദ്ദേഹത്തിന്റെ മകനായ ഹാമിന്റെ മകന്‍ നിമ്രോദ് (നംറൂദ്) കടുത്ത ദൈവനിഷേധിയായി തീര്‍ന്നു. ലോകത്തിലെ ആദ്യത്തെ സ്വേച്ഛാതിപധിയായിത്തീര്‍ന്ന ഇദ്ദേഹം ബാബേല്‍ (ബാബിലോണ്‍) എന്ന നഗരത്തെ തലസ്ഥാനമാക്കിയാണ് ഭരിച്ചിരുന്നത്. മികച്ച വില്ലാളി വീരനായിരുന്ന അദ്ദേഹത്തിന്റെ കഴിവില്‍ ധാരാളം ആളുകള്‍ ആകൃഷ്ടരായി. അവര്‍ നിമ്രോദിനെ സൂര്യന്റെ അവതാരമായും, പ്രകൃതിയിലുള്ള മറ്റു ഗോളങ്ങളെയും നക്ഷത്രങ്ങളെയും ദേവന്മാരായും സങ്കല്പിച്ച് ആരാധിക്കുന്നവരായിത്തീര്‍ന്നു. ഒരിക്കല്‍ കൂടി ജലപ്രളയത്താല്‍ ദൈവം നശിപ്പിക്കാതിരിക്കേണ്ടതിന് അവര്‍ വലിയ ഒരു ഗോപുരം പണി കഴിപ്പിച്ചു. ഇതിനെ ബാബേല്‍ ഗോപുരം എന്ന പേരില്‍ അറിയപ്പെടുന്നു. ഇവരുടെ സംഘടിത ശക്തി നഷ്ടപ്പെടാതിരിക്കാന്‍ ഇവര്‍ ഒരു സ്ഥലത്ത് തന്നെ കൂടി താമസിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ ദൈവം ഇവരുടെ പ്രസ്തുത ഉദ്ദേശത്തെ തകര്‍ത്തു കളഞ്ഞു. ഇവര്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത രൂപത്തില്‍ ഇവരുടെ ഭാഷയെ ദൈവം മാറ്റി മറിച്ചു. അങ്ങനെ ആശയവിനിമയം അസാധ്യമായപ്പോള്‍ ഒരോ ഭാഷ സംസാരിക്കുന്ന ആളുകള്‍ ഓരോരോ സ്ഥലങ്ങളിലേക്ക് മാറി പോയി താമസിച്ചു. ഇങ്ങനെയാണ് സൂര്യാരാധന ലോകം മുഴുവന്‍ വ്യാപിച്ചത്.
സ്വയം ദൈവമാണെന്ന് വാദിച്ചിരുന്ന ഇവന്റെ ധിക്കാരത്തിനെതിരെ വിശ്വാസികളുടെ പിതാവായ അബ്രഹാം നടത്തിയ ധീരമായ പോരാട്ടം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. അബ്രഹാമിന്റെ യൌവനത്തില്‍ നടന്ന ഈ സംഭവത്തെക്കുറിച്ച് ബൈബിള്‍ ഒന്നും പറയുന്നില്ലെങ്കിലും യഹൂദന്മാരുടെ തല്‍മൂദില്‍ ഇതുവളരെ വ്യക്തമായി കാണാവുന്നതാണ്.
ആദര്‍ശം

നിമ്രോദിനെ സൂര്യദേവനായും ഭാര്യയായ സെമീറാമീസിനെ ആകാശ രാജ്ഞിയായും ജനങ്ങള്‍ വിശ്വസിച്ചിരുന്നു. നിമ്രോദിന് മരണം സംഭവിക്കുകയില്ലായെന്ന് അവര്‍ വിശ്വസിച്ചിരിക്കേ, അവന് ദാരുണമായ അന്ത്യം സംഭവിച്ചു. ഈ സമയം സെമീറാമീസ് ഗര്‍ഭിണിയായിരുന്നു. ഇവര്‍ക്ക് ജനിച്ച കുഞ്ഞ് നിമ്രോദ് തന്നെയാണെന്ന് ഇവള്‍ പ്രചരിപ്പിച്ചു. ആ കുഞ്ഞിന്റെ പേര് നീനസെന്നും തമ്മൂസെന്നും പറയപ്പെടുന്നു. അങ്ങനെ പിതാവും പുത്രനും അമ്മയും ആരാധിക്കപ്പെടുന്ന ഒരു ത്രിത്വ വിശ്വാസം മിത്രാസ് മതത്തിന്റെ അടിസ്ഥാനമായി തീര്‍ന്നു. വിവിധ രാജ്യങ്ങളില്‍ വിവിധ പേരുകളാണ് ഈ ദൈവങ്ങള്‍ക്ക് ഉള്ളതെങ്കിലും, ആശയം ഏറെക്കുറെ ഒന്നുതന്നെയാണ്.
ക്രിസ്തുമതവും മിത്രാസ് മതവും-ഒരു താരതമ്യ പഠനം

മിത്രാസ് മതത്തില്‍ നിന്നും കടമെടുത്ത കാര്യങ്ങള്‍ അനേകമാണെങ്കിലും പ്രധാനപ്പെട്ടവ മാത്രം സൂചിപ്പിച്ചു വിടുകയാണ്. കാരണം, ക്രൈസ്തവ ലോകത്ത് പ്രബോധനവിപ്ളവം സൃഷ്ടിച്ച പെന്തകോസ്ത് വിഭാഗങ്ങള്‍ ഇതെല്ലാം വിവരിച്ചുകൊണ്ട് ധാരാളം പുസ്തകങ്ങള്‍ തന്നെ ഇറക്കിയിട്ടുണ്ട്. ത്രിയേകത്വം, ഉണ്ണിയേശു ആരാധന, മര്‍യ ഭക്തി, ഞായറാഴ്ച പുണ്യ ദിനം, ക്രിസ്തുമസ്, മാമോദീസ (ശിശുസ്നാനം), വിഗ്രഹാരാധന, തിരുശേഷിപ്പ്, ദുഃഖവെള്ളി, ഈസ്റ്റര്‍, കുരിശ്, വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചുള്ള നഗര പ്രദക്ഷിണം, പുണ്യ യാത്രകള്‍ തുടങ്ങി ക്രിസ്തുമതത്തിലെ എണ്ണിയാല്‍ തീരാത്ത വിഷയങ്ങളെ മുഴുവന്‍ മിത്രാസ് മതത്തിന്റെ പകര്‍പ്പായി അവര്‍ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. എന്റെ മുന്‍കാല സമുദായത്തില്‍ ഈ വിഷയകമായ സംഭാവനകളെ എടുത്തുദ്ധരിക്കുന്നതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടരാണ്.
ത്രിയേകത്വം

മിത്രാസ് മതത്തിലെ മൂന്ന് ദിവ്യ വ്യക്തികളെ അനുകരിച്ചുകൊണ്ട് പിതാവ,് മാതാവായ മര്‍യം, പുത്രനായ ക്രിസ്തു എന്നിവരടങ്ങിയ ത്രിത്വത്തെ അംഗീകരിക്കണമെന്ന് ഈജിപ്തില്‍ നിന്നും വന്ന ക്രീസ്തീയ പ്രതിനിധികള്‍ നിഖ്യ കൌണ്‍സിലില്‍ ആവശ്യമുന്നയിച്ചിരുന്നു. ഇവരുടെ ആവശ്യം തളളപ്പെട്ടെങ്കിെലും, ഒട്ടും ശ്രേഷ്ഠത കുറയാത്ത ഒരു ഉന്നതപദവി യേശുവിന്റെ അമ്മയായ മര്‍യമിന് കൊണ്‍സ്റ്റന്‍റ്റെന്‍ വകവെച്ചു കൊടുത്തു. സര്‍പ്പത്തിന്റെ തലയെ തകര്‍ക്കുന്നവള്‍, ആകാശരാജ്ഞി, ത്രിലോക രാജ്ഞി, മദ്ധ്യസ്ഥവഹിക്കുന്ന ദേവി, ദൈവത്തിന്റെ ആലയം, സ്രഷ്ടാവിന്റെ മാതാവ്, രക്ഷിതാവിന്റെ മാതാവ്, വണക്കത്തിന് യോഗ്യയായ കന്യക, തുടങ്ങിയ ധാരാളം വിശേഷണങ്ങളാണ് മര്‍യമിന് ക്രിസ്തുമതം വകവച്ചിരിക്കുന്നത്. മറിയം മരിച്ചതിന് ശേഷം യേശുവിനെ പോലെ മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റുവെന്നും സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യപ്പെട്ടുവെന്നും ക്രിസ്തുമതം പ്രചരിപ്പിക്കുന്നു.
ഇതെല്ലാം മിത്രാസ് ദേവിയായിരുന്ന സെമീറാമീസിന്റെ പദവികളാണെന്ന് തെളിയിച്ചുകൊണ്ട് പൌരോഹിത്യ സഭകളെ മറുപക്ഷം പ്രതികൂട്ടില്‍ കയറ്റി. ഗത്യന്തരമില്ലാതെ വന്നപ്പോള്‍, അന്യമതങ്ങളില്‍ നിന്നും പലകാര്യങ്ങളും ക്രിസ്തുമതത്തിലേക്ക് എടുത്തിട്ടുണ്ടെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍ ഇങ്ങനെയുള്ള അന്യ മത വിശ്വാസാചാരങ്ങളെ ശുദ്ധീകരിച്ച് അഥവാ കഥയും പേരും മാറ്റി ക്രിസ്തുമതത്തിലേക്ക് മാറ്റുവാന്‍ സഭാപിതാക്കന്‍മാര്‍ക്ക് അധികാരമുണ്ടെന്നാണ് ഇപ്പോള്‍ നിലനില്‍പ്പിനുവേണ്ടി പറയുന്നത്. ഈ മറുപടിയില്‍ തൃപ്തരല്ലാത്ത അനേകം ആളുകള്‍ പൌരോഹിത്യ സഭകളില്‍ നിന്നും കൊഴിഞ്ഞു പോയ്ക്കൊണ്ടിരിക്കുന്നു.
ഉണ്ണിയേശു ആരാധന

ശിശുവായ തമ്മൂസിനെ മിത്രാസുകാര്‍ ആരാധിച്ചതു പോലെ ശിശുവായ യേശുവിനെയും ക്രിസ്തുമതം ആരാധിക്കുന്നു. യുവാവായ യേശുവിനെ കുറിച്ച് അറിയുന്നവര്‍ പിന്നെയും ശിശുവിനെ ആരാധിക്കാന്‍ വെമ്പല്‍ കൊളളുന്നു. ഇന്‍ഫന്റ് ജീസസ് അഥവാ ഉണ്ണിയേശു റോമന്‍ കത്തോലിക്കാ വിഭാഗത്തിന്റെ ചിഹ്നമായി തന്നെ മാറിയിട്ടുണ്ട്.
പുണ്യദിനം

ശനിയാഴ്ച ശബത്തായിട്ട് ആചരിക്കണമെന്ന മോശൈക ന്യായപ്രമാണത്തിന്റെ കല്പനയെ ഉപേക്ഷിച്ച പൌലോസിന്റെ അനുയായികള്‍, മിത്രാസ് മതക്കാരുടെ ആരാധനാ ദിവസമായ ഞായറാഴ്ച (സണ്‍ഡേ) പുണ്യദിവസമായി സ്വീകരിച്ചു. സൂര്യദേവന്റെ ദിവസം എന്ന കഥ ഒഴിവാക്കി യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ദിവസമെന്ന് ക്രൈസ്തവവല്‍ക്കരിച്ചു.
ക്രിസ്തുമസ്സ്

യൂള്‍ ഡേ (ശിശുവിന്റെ ദിവസം) എന്ന പേരിലും ക്രിസ്തുമസ് അറിയപ്പെടുന്നു. യേശുവിന്റെ ജന്മദിനം ഡിസംബര്‍ 25 അല്ലായെന്ന് ഇപ്പോള്‍ സമ്മതിക്കുന്നുണ്ടെങ്കിലും ആചാരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ ദിവസം കൃത്യമായി എങ്ങനെ തിരഞ്ഞെടുത്തുവെന്ന് അന്വേഷിച്ചാല്‍ മിത്രാസ് മതത്തിലെ ശിശുവായ തമ്മൂസ്സിന്റെതാണെന്ന് കണ്ടെത്തുവാന്‍ സാധിക്കും.
കുരിശ്

ആദ്യകാല ക്രൈസ്തവര്‍ അടയാളമായി മല്‍സ്യത്തെ ഉപയോഗിച്ചിരുന്നതായിട്ടാണ് മനസിലാകുന്നത.് കൊണ്‍സ്റന്‍റ്റൈന്റെ ഇടപെടലോടു കൂടെയാണ് തമ്മൂസിന്റെ അടയാളമായ കുരിശ് ക്രിസ്തുമതത്തിന്റെ ചിഹ്നമായത്. ശിശുവിന്റെ പേരായ തമ്മൂസ് എന്ന പദത്തിന്റെ ആദ്യക്ഷരമായ 'തൌ' എന്നതിന്റെ ലിപി കുരിശ് ആകൃതിയിലായിരുന്നു. ഈ അടയാളം നെറ്റിമേല്‍ വരയ്ക്കുകയും നെഞ്ചില്‍ ഒരു രക്ഷയായി കെട്ടി തൂക്കിയിടുകയും ചെയ്യുന്ന ഏര്‍പ്പാട് മിത്രാസ് മതത്തിലുണ്ടായിരുന്നു. ഇവിടെയും പുത്രനായ തമ്മൂസിന് പകരം പുത്രനായ യേശുവെന്ന് കഥ മാറ്റുക മാത്രം ചെയ്തിരിക്കുന്നു.
വിഗ്രഹാരാധന

"മീതെ ആകാശത്തിലോ, താഴെ ഭൂമിയിലോ ഉളള യാതൊന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്. അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്.''(പുറ 20:4)
ഇത്ര വ്യക്തമായ നിയമം കയ്യില്‍ വച്ച് കൊണ്ട് തന്നെ, പുത്രന്റെയും മാതാവിന്റെയും കുരിശിന്റെയും പുണ്യാവാളന്‍മാരുടെ വിഗ്രഹങ്ങള്‍ ക്രിസ്തുമതം സൃഷ്ടിച്ചു. വിഗ്രഹാരാധനയുടെ തുടക്കക്കാരായ മിത്രാസ് മതക്കാരെ മനഃപരിവര്‍ത്തനമില്ലാതെ മതംമാറ്റിയപ്പോള്‍ ചെയ്ത വിട്ടുവീഴ്ചയുടെ മറ്റൊരു ഉദാഹരണമാണിത്. വിഗ്രഹത്തിന്റെ പേര് മാറി പുതിയത് വന്നു എന്നല്ലാതെ മിത്രാസുകാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ക്രൈസ്തവ പിതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു.
മേല്‍പറയപ്പെട്ട കാര്യങ്ങളെല്ലാം സമര്‍ഥിച്ചുകൊണ്ട് ക്രൈസ്തവ പണ്ഡിതനും ക്രിസ്തു മതത്തിലെ നവീകരണ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്ന ഇന്ത്യന്‍ പെന്തകോസ്ത് ദൈവസഭയുടെ സ്ഥാപകനുമായ പാസ്റ്റര്‍ ഡോ. കെ.ഇ. എബ്രഹാം മഹതിയാം ബാബിലോണ്‍ എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ധാരാളമായി വിറ്റഴിക്കപ്പെട്ട ഈ പുസ്തകത്തിന്റെ പത്താം പതിപ്പും ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. ഇതിന്റെ രണ്ടാം പതിപ്പിന്റെ മുഖവുരയില്‍ അദ്ദേഹം അവകാശപ്പെടുന്നത് ഇങ്ങനെയാണ് റോമാസഭയുടെ ഉപദേശാചാരങ്ങള്‍ മിക്കവാറും എല്ലാംതന്നെ പുരാതന ബാബിലോന്യ (മിത്രാസ്) മതത്തില്‍ പരിവര്‍ത്തനം ചെയ്യിച്ചവയെന്നു പ്രസ്പഷ്ടമാക്കുന്ന ഗ്രന്ഥം ഇറങ്ങിയിട്ടു മുപ്പതോളം വര്‍ഷങ്ങളായെങ്കിലും അവ ബാബിലോന്യ മതത്തില്‍ നിന്നു വന്നിട്ടുള്ളവയല്ലെന്ന് സ്ഥാപിച്ചു ഇതിനു ഒരു ഖണ്ഡനം എഴുതുവാന്‍ റോമാമതസ്ഥര്‍ക്കു കഴിഞ്ഞിട്ടില്ല. നേരെമറിച്ച്, ഇതു പ്രസിദ്ധപ്പെത്തിയ ആയിടയ്ക്കു റോമന്‍ കത്തോലിക്കാ പത്രമായ സത്യദീപം ഈ പുസ്തകത്തിലെ എന്റെ വാദങ്ങളെ സമ്മതിച്ചുള്ള ഒരു മുഖപ്രസംഗം എഴുതുകയാണുണ്ടായത്. ബാബിലോന്യ തുടങ്ങിയുള്ള ജാതികളുടെ (അന്യമതസ്ഥരുടെ) ഇടയിലെ ആചാര നടപടികളെ ശുദ്ധീകരിച്ച് സഭയിലേക്കു പകര്‍ത്തുവാന്‍ സഭയ്ക്ക് അധികാരം ഉള്ളതാകയാല്‍ അപ്രകാരം ചെയ്തിട്ടുള്ളതാകുന്നു എന്നിങ്ങനെ സമ്മതിച്ചു പറക തന്നെ ചെയ്തിരിക്കയാണ്.
ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. സത്യമാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ക്രിസ്ത്യാനികള്‍, അവസാനം ചെന്നു പതിച്ചിരിക്കുന്നത് അബ്രഹാം പിതാവിനോട് ശത്രുത പുലര്‍ത്തിയ നിമ്രോദിന്റെ മതത്തിലാണ്. പൌലോസിന് പ്രത്യക്ഷപ്പെട്ട കര്‍ത്താവും കൊണ്‍സ്റന്‍റ്റൈന് പ്രത്യക്ഷപ്പെട്ട കര്‍ത്താവും കുരിശിലൂടെയുളള രക്ഷയാണ് പറയുന്നത്. ഏതായാലും ശരി, ശാപത്തിന്റെ അടയാളമായി മോശൈക ന്യായപ്രമാണം വ്യക്തമാക്കിയ കുരിശിനെ രക്ഷയുടെ അടയാളമായി കണ്ടത് പൌലോസും കൊണ്‍സ്റ്റന്‍റ്റെന്റെനും മാത്രമാണെന്നും ഇതിന് നിമിത്തമായതാകട്ടെ ഇവര്‍ക്ക് മാത്രമുണ്ടായ വെളിപ്പാടുകളുമാണെന്നത് പച്ചപരമാര്‍ഥം. ഇതിന് വേദഗ്രന്ഥങ്ങളോ പ്രവാചകന്‍മാരോ ഉത്തരവാദികള്‍ ആണെന്ന് ആരും പറയുകയില്ല.