Monday, January 31, 2011

ആവർത്തനം 18:18

ആവർത്തനം 18:18

ബൈബിൾ പഴയ നിയമത്തിൽ പ്രസിദ്ധമായ ഒരു പ്രവചനമുണ്ട്. ആവർത്തനം 18:18. അതിങ്ങനെയാണ്. “അപ്പോൾ കർത്താവ് എന്നോട് അരുൾ ചെയ്തു. അവർ പറഞ്ഞതെല്ലാം ശരി തന്നെ. നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരിൽ നിന്ന് അവർക്കായി ഞാൻ ഉയർത്തും. ഞാൻ എന്റെ വചനങ്ങൾ അയാളുടെ നാവിൽ നിവേശിപ്പിക്കും. ഞാൻ കല്പിക്കുന്നവയെല്ലാം അയാൾ അവരോട് പറയുംഅവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും. എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം. അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ. ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു (ആവർത്തനം : 18:18-22)

മോശെ പ്രവാചകനോടുള്ള ദൈവിക വാഗ്ദാനമാണിത്. മോശെയെപ്പോലുള്ള ഒരു പ്രവാചകനെ ഇസ്രായീല്യരുടെ സഹോദരന്മാരിൽ നിന്ന് ഉയർത്തുമെന്നാണ് വാഗ്ദാനം. ആരാണീ പ്രവാചകൻ. യേശുവാണെന്ന് വാദിക്കപ്പെടുന്നുണ്ട്. പുതിയ നിയമ ഗ്രന്ഥകാരന്മാരിൽ ചിലർ യേശുവിൽ വാഗ്ദാനം പൂർത്തീകരിക്കപ്പെട്ടുവെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചിട്ടുണ്ട്. (അപ്പോ. പ്രവ്യത്തികൾ 3:22-26 കാണുക)
ഇവിടെ വലിയൊരു പ്രശ്നമുണ്ട്. വാഗ്ദാനത്തിൽ മോശെയെപ്പോലുള്ള പ്രവാചകനെക്കുറീച്ചാണ് പറഞ്ഞിരിക്കുന്നത്. ജനനത്തിലോ ജീവിതത്തിലോ ദൌത്യത്തിലോ ജീവിതാന്ത്യത്തിന്റെ കാര്യത്തിലോ ഒന്നും തന്നെ മോശെയെപ്പോലുള്ള പ്രവാചകൻ എന്നു വിളിക്കപ്പെടുവാൻ യേശു അർഹനല്ലെന്ന് പഞ്ചപുസ്തകങ്ങളും സുവിശേഷങ്ങളും ഒരു പ്രാവശ്യം താരതമ്യം ചെയ്താൽ മനസ്സിലാകും. അതുകൊണ്ട് തന്നെമോശെയെപ്പോലെയുള്ള പ്രവാചകൻയേശുവാകാൻ യാതൊരു നിർവാഹവുമില്ല.
മറ്റൊരു പ്രശ്നം കൂടിയുണ്ട്. യേശു ഒരു ഇസ്രായീൽ പ്രവാചകനാണ്. ഇസ്രായീൽ സമുദായത്തിൽ ജനിച്ചു വളർന്ന വ്യക്തി. മോശെയോടുള്ള ദൈവിക വാഗ്ദാനം ഇസ്രായീല്യരുടെ സഹോദരന്മാരിൽ നിന്ന് ഒരു പ്രവാചകനെ അയക്കുമെന്നാണ്. അതിനാൽ തന്നെ ആവർത്തനപുസ്തകത്തിൽ പ്രവചിക്കപ്പെട്ട പ്രവാചകൻ യേശൂവായിക്കൂടാ. ഇസ്രായീല്യരുടെ സഹോദരസമുദായങ്ങളിൽ നിന്ന് ഏതിൽ നിന്നെങ്കിലും വന്ന പ്രവാചകനായിരിക്കണം.
സത്യത്തിൽ, മോശെ പ്രവാചകനോടുള്ള ദൈവിക വാഗ്ദാനം പൂർത്തീകരിക്കപ്പെട്ടിരിക്കുന്നത് മുഹമ്മദി() ലാണ്. എല്ലാ അർത്ഥത്തിലും മോശെയെപ്പോലുള്ള പ്രവാചകൻ എന്ന് വിളിക്കപ്പെടാൻ മുഹമ്മദ് () അർഹനാണ്. അദ്ദേഹം ഇസ്രായീല്യരുടെ സഹോദര സമുദായമായ ഇസ്മായീല്യരിൽ (അറബികൾ) നിന്നു നിയോഗിക്കപ്പെട്ടവനുമാണ്. അതുകൊണ്ടു തന്നെ മോശെയോടുള്ള വാഗ്ദാനം പൂർത്തീകരിക്കപ്പെട്ടത് മുഹമ്മദ് ()ലാണെന്ന് മുസ്ലിംകൾ വാദിക്കുന്നു.

ഇരുപതിലേറെ ഓണറ്ററി ഡോക്ടറേറ്റുകളുള്ള പ്രഗത്ഭ അമേരിക്കൻ ബൈബിൾ പണ്ഡിതനാണ് റെയ്മണ്ട് ഇ. ബ്രൌൺ.

യേശുവിനു പതിറ്റാണ്ടുകൾക്ക് ശേഷമാണല്ലോ സുവിശേഷങ്ങളുടെ രചന നടന്നത്. സുവിശേഷ കർത്താക്കൾ യേശുവിന്റെ ജീവചരിത്രം രചിക്കുകയല്ല ചെയ്തത്; പ്രത്യുത, തങ്ങൾ പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന തത്വങ്ങൾക്കനുസ്യതമായ രീതിയിൽ യേശുകഥ മെനഞ്ഞെടുക്കുകയാണ് ആധുനിക ബൈബിൾ പണ്ഡീതന്മാരിൽ പ്രമുഖനായ റെയ്മണ്ട് ഇ ബ്രൌൺ എഴുതുന്നു: ‘ഓരോ സുവിശേഷ കർത്താവും യേശുവിനെപ്പറ്റിയുള്ള തന്റെ ധാരണക്കനുസരിച്ച് വായനക്കാരുടെ അധ്യാത്മികാവശ്യങ്ങൾ സാധിച്ചു കൊടുക്കാനുതകും വിധം യേശുവിനെ ചിത്രീകരിക്കാൻ ആരംഭിച്ചു. ഫലമോ? തങ്ങൾക്ക് ലഭിച്ച യേശു പാരമ്പര്യത്തെ  രൂപപ്പെടുത്തുകയും വികസിപ്പിച്ചെടുക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്യുന്ന പൂർണ്ണ ഗ്രന്ഥകാരന്മാരായും ആ പാരമ്പര്യത്തെ ഒരു സവിശേഷ ലക്ഷ്യത്തിലേക്ക് നയിക്കുന്ന ദൈവശാസ്ത്രകാരന്മാരായും സുവിശേഷകന്മാർ നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. എന്താണ് സുവിശേഷങ്ങൾ എന്ന ചോദ്യത്തിനുള്ള സമ്പൂർണ്ണ മറുപടിയായി അവിടുത്തെ വാക്കുകൾ, ചെയ്തികൾ, പീഡാനുഭവം, മരണം, ഉയിർത്തെഴുന്നേല്പ് എന്നിവ ഉൾപ്പെടെ യേശുവിനെപ്പറ്റി പ്രചാരത്തിലിരുന്ന പാരമ്പര്യം ആറ്റിക്കുറുക്കിയെടുത്ത സത്താണവയെന്ന് ഞാൻ പറയും. ഈ സത്ത് സംഘടിപ്പിച്ചതും അതിന്റെ രൂപഭാവങ്ങൾ എഡിറ്റ് ചെയ്തതും ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തെ മൂന്ന് ദശകങ്ങളിൽ ജീവിച്ച സുവിശേഷകനായിരുന്നു. തന്റെ മുന്നിൽ കണ്ട ക്രൈസ്തവ വായനക്കാരുടെ അധ്യാത്മികാവശ്യങ്ങളെ ത്യപ്തിപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം (റെയ്മണ്ട് ഇ ബ്രൌൺ - റെസ്പോൺസസ് റ്റു 101 ക്വസ്റ്റ്യൻസ് ഓൺ ദ ബൈബിൾ പേജ് 57)
ഇപ്പറഞ്ഞതിനു അർത്ഥമെന്താണ്? സുവിശേഷകർ യേശു ജീവിതം അപ്പടി രേഖപ്പെടുത്തുകയല്ല; മറിച്ച് തങ്ങൾ ഉദ്ദേശിക്കുന്ന ദൈവശാസ്ത്രത്തിന് അനുരൂപമായി യേശുജീവിതത്തെ അവതരിപ്പിക്കുകയാണ് ചെയ്തിരുക്കുന്നത്. ഇവിടെ സുവിശേഷകർക്ക് സംഭവിച്ചിട്ടുള്ള ഒരു വലിയ അബദ്ധമുണ്ട്. പഴയ നിയമത്തിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന മഹാ പ്രവാചകനും യഹൂദസമുദായത്തിന്റെ പ്രതീക്ഷയായിരുന്ന മിശിഹയും ഒന്നു തന്നെയാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സുവിശേഷകർ യേശു ചരിത്രത്തിനു രൂപം നൽകിയത്. അതുകൊണ്ട് തന്നെ മഹാപ്രവാചകന്റേതായി പഴയ നിയമം പ്രസ്താവിച്ച പല സ്വഭാവങ്ങളും അവർ യേശുവിൽ ആരോപിച്ചു. യഥാർത്ഥത്തിലുള്ള യേശുവിന്റെ ജീവിതത്തിൽ സംഭവിക്കാത്ത പലതും അവർ യേശുവിൽ എഴുതിച്ചേർത്തു. ഇക്കാര്യം ക്രൈസ്തവ പണ്ഡിതന്മാർ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്.

http://en.wikipedia.org/wiki/Raymond_E._Brown

യഹൂദർ പ്രതീക്ഷിച്ചു കൊണ്ടിരുന്ന മിശിഹയാണ് യേശുവെന്ന് സ്ഥാപിക്കുന്നതിനു വേണ്ടി സുവിശേഷകർ നടത്തിയ കൈക്രിയകളെപ്പറ്റി റെയ്മണ്ട് - ഇ - ബ്രൌൺ തന്റെ പ്രസിദ്ധമായ മിശിഹയുടെ ജനനം (ദ ബെർത്ത് ഓഫ് മെസ്സീഹ്) എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. ചിലത് കാണുക:

1. മിശീഹ ദാവീദ് വംശജനായിരിക്കുമെന്നായിരുന്നു യഹൂദ വിശ്വാസം. യേശു മിശീഹയാണെന്ന് വരുത്തുവാൻ വേണ്ടി ദാവീദിന്റെ വംശാവലിയിൽ യേശുവിന്റെയും യോസഫിന്റെയും നാമങ്ങൾ മത്തായിയും ലൂക്കോസും തിരുകിക്കയറ്റിയതാണ്.
2. മിശിഹ ബെത് ലഹേമിൽ ജനിക്കുമെന്നായിരുന്നു യഹൂദ വിശ്വാസം. യേശു ഗലീലിയയിൽ ജനിച്ചിരിക്കാനാണ് സാധ്യത. അദ്ദേഹം ജനിച്ചത് ബെത് ലഹേമിലാണെന്ന് വരുത്തിത്തീർത്തത് യേശു മിശിഹയാണെന്ന് സ്ഥാപിക്കുന്നതിനു വേണ്ടിയാണ്.
3. യേശു ജനിച്ചപ്പോൾ ബെത് ലഹേമിനു മുകളിൽ ഒരു നക്ഷത്രം ജ്വലിച്ചു നിന്നുവെന്ന കഥക്ക് യാതൊരു അടിസ്ഥാനവുമില്ല. ‘യാക്കോബിൽ നിന്ന് ഒരു നക്ഷത്രം ഉദിക്കും ‘ (സംഖ്യ 24:17) എന്ന പഴയ നിയമ പ്രവചനത്തിനു അനുരൂപമായി യേശുകഥ നിർമ്മിച്ചതിന്റെ ഫലമായി രൂപം കൊണ്ട കള്ളക്കഥയാണിത്.
4. യേശുവിനെ  മോശെയുടെ ജീവിതവുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി മത്തായി പടച്ച കഥയാണ് ഹെറോദോസിന്റെ കാലത്ത് നടത്തിയ കൂട്ടക്കൊലയും കണക്കെടുപ്പുമെല്ലാം.
യഥാർത്ഥത്തിൽ അവയൊന്നും സംഭവിച്ചവയല്ല.
ഇങ്ങനെ ഒരുപാട് കാര്യങ്ങൾ! തങ്ങളുടെ ഇച്ഛക്കനുസരിച്ച് ഓരോ സുവിശേഷകനും യേശുകഥ നിർമ്മിച്ചതിന്റെ ഫലമാണിവ. പഴയ നിയമത്തിൽ പ്രവചിക്കപ്പെട്ട പ്രവാചകനും യഹൂദപ്രതീക്ഷയായ മിശിഹയും ഒരാളാണെന്ന തെറ്റിദ്ധാരണയും അത് യേശുവാണെന്ന് വരുത്തിത്തീർക്കാനുള്ള വ്യഗ്രതയുമാണ് സുവിശേഷങ്ങളിൽ കാണാൻ കഴിയുന്നത്. അതു കൊണ്ട്  തന്നെ സുവിശേഷങ്ങളിൽ കാണുന്ന യേശുകഥയുടെ അടിസ്ഥാനത്തിൽ മാത്രം നിന്നുകൊണ്ട് പഴയ നിയമത്തിൽ പ്രവചിക്കപ്പെട്ട പ്രവാചകൻ യേശുവാണെന്ന് ഖണ്ഡിതമായി പറയാൻ കഴിയില്ല. കൂടുതൽ സൂക്ഷ്മമായ പഠനം ആവശ്യമാണ്. യേശുവിൽ ആ പ്രവാചകന്റെ സവിശേഷതകളൊന്നും പൂർത്തീകരിക്കപ്പെടുന്നില്ല എന്നാണ് സൂക്ഷമ വിശകലനം വ്യക്തമാക്കുന്നത്.

അവകാശവാദം ഉന്നയിച്ചുവോ
പഴയ നിയമത്തിൽ പ്രവചിക്കപ്പെട്ട പ്രവാചകൻ താനാണെന്ന് യേശു എപ്പോഴെങ്കിലും അവകാശവാദം ഉന്നയിച്ചുവോ എന്ന ചോദ്യത്തിനു പുതിയ നിയമത്തിലെവിടേയും യേശു അങ്ങിനെ അവകാശപ്പെട്ടത് നമുക്ക് കാണാൻ കഴിയുന്നില്ല.
ഇതിനോടനുബന്ധിച്ച് മറ്റൊരു ചോദ്യം കൂടി ചോദിക്കാം.. ‘യേശുവല്ലാതെ മറ്റാരെങ്കിലും പൂർവപ്രവാചകന്മാർ പ്രവചിച്ച പ്രവാചകൻ താനാണെന്ന് അവകാശവാദം ഉന്നയിച്ചിട്ടുണ്ടോ?

ഉത്തരം ‘അതെ‘ എന്നാണ്.

ആരാണത്?

യേശുവിനു ശേഷം 6 നൂറ്റാണ്ടുകൾ കഴിഞ്ഞ് അറേബ്യയിൽ ജനിച്ച മുഹമ്മദാ(സ)ണ് അത്തരമൊരു അവകാശ വാദം ഉന്നയിച്ചത്. പഴയ നിയമത്തിലെ പ്രവാചകന്മാരും യേശുവും പ്രവചിച്ച പ്രവാചകൻ താനാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അദ്ദേഹത്തിലൂടെ ലോകത്തിനു അവതരിപ്പിക്കപ്പെട്ട ഖുർ ആൻ പൂർവ പ്രവാചകന്മാരുടെ പ്രവചനങ്ങൾ മുഹമ്മദി(സ) ലൂടെ പൂർത്തീകരിക്കപ്പെട്ടുവെന്ന് പറയുന്നുണ്ട്.

[7:157] 
(അതായത്‌) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌.) അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍.

[6:20]
നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ സ്വന്തം മക്കളെ അറിയുന്നത് പോലെ അത് അറിയുന്നുണ്ട്‌. സ്വദേഹങ്ങളെ നഷ്ടത്തിലാക്കിയവരത്രെ അവര്‍. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല.

[26:195] 
സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്‌) [26:196] തീര്‍ച്ചയായും അത് മുന്‍ഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട്‌ [26:197] 
ഇസ്രായീല്‍സന്തതികളിലെ പണ്ഡിതന്‍മാര്‍ക്ക് അത് അറിയാം എന്ന കാര്യം ഇവര്‍ക്ക് (അവിശ്വാസികള്‍ക്ക്‌) ഒരു ദൃഷ്ടാന്തമായിരിക്കുന്നില്ലേ ?

[61:6]മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടു
ം, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു.

പ്രശ്നങ്ങൾ

മുഹമ്മദ് (സ) ന്റെ കാലത്തുണ്ടായിരുന്ന യഹൂദർക്കും ക്രൈസ്തവർക്കും അദ്ദേഹത്തിന്റെ ആഗമനത്തെയും സന്ദേശങ്ങളെയും കുറിച്ച് അറീവുണ്ടായിരുന്നുവെന്നാണ് മുകളിൽ ഉദ്ധരിച്ച ഖുർ ആൻ വചനങ്ങളിൽ നിന്നു വ്യക്തമാകുന്നത്. ഇവിടെ പ്രധാനപ്പെട്ട ഒരു പ്രശ്നമുണ്ട്. മുഹമ്മദി(സ) ന്റെ കാലത്ത് അംഗീകരിക്കപ്പെട്ടിരുന്നത് ഏതെല്ലാം ബൈബിൾ പുസ്തകങ്ങളായിരുന്നുവെന്ന് ഇന്ന് നമുക്കറിയില്ല. പഴയ നിയമത്തിൽ ഇന്ന് ഉപയോഗിക്കപ്പെടാത്ത പല പുസ്തകങ്ങളും (സ്യൂഡിപിഗ്രാഫ) അന്ന് ഉപയോഗിച്ചിരുന്നിരിക്കാം. അപ്പോക്രിഫയായി പരിഗണിച്ചു കൊണ്ട് തള്ളപ്പെട്ട പല പുതിയ നിയമപുസ്തകങ്ങളും മുഹമ്മദി(ന്റെ) കാലത്ത് അറേബ്യയിലുണ്ടായിരുന്ന നെസ്തൂറിയൻ ക്രൈസ്തവർ ഉപയോഗിച്ചിരുന്നുവെന്ന് ഉറപ്പാണ്. ഇവയൊന്നും ഇന്ന് ഉപലബ്ധമല്ല. അതുകൊണ്ട് തന്നെ മുഹമ്മദി(സ) അവകാശവാദത്തെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുവാൻ പ്രയാസമാണ്. അതിനാവശ്യമായ രേഖകളുടെ പരിമിതിയാണ് കാരണം. മറ്റൊരു പ്രശ്നം, ഖുർ ആനിലെ 61:6 വചനത്തിൽ നിന്ന് യേശുവിന്റെ പ്രബോധനങ്ങളിൽ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു മുഹമ്മദ് (സ) യുടെ വരവിനെക്കുറിച്ചുള്ള പ്രവചനങ്ങളെന്ന് മനസ്സിലാകുന്നുണ്ട്. യേശു വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് എന്തൊക്കെയാണ് പറഞ്ഞത് എന്നറിയാൻ നമുക്ക് യാതൊരു നിർവാഹവുമില്ല. അദ്ദേഹത്തിന്റെ വചനങ്ങളൊന്നും തന്നെ അദ്ദേഹം പറഞ്ഞ രൂപത്തിൽ രേഖപ്പെടുത്തിയിട്ടില്ല. യേശു സംസാരിച്ചത് അരമായ ഭാഷയിലായിരുന്നു. അരമായ ഭാഷയിൽ രേഖപ്പെടുത്തപ്പെട്ട ഒരൊറ്റ പുതിയ നിയമ ഗ്രന്ഥവുമില്ല.  യേശുവിന്റെ സ്വന്തം ഭാഷയിലെ ഒരു ഉപമയോ ദൈവികവചനമോ സനേശമോ കണ്ടെത്താൻ ഇന്ന് യാതൊരു നിർവാഹവുമില്ല. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന പ്രവാചകനെ സംബന്ധിച്ച് യേശു എന്തെല്ലാം പറഞ്ഞുവെന്ന് ക്യത്യമായി മനസ്സിലാക്കുവാൻ നിർവാഹമില്ല.

നിലവിലുള്ള ബൈബിൾ പഴയ നിയമത്തിലും പുതിയനിയമത്തിലും ലഭ്യമായ പൂർവപ്രവാചകന്മാരുടെ പരാമർശങ്ങൾ മുഹമ്മദ്(സ) യുമായി എന്ത്മാത്രം യോജിക്കുന്നുണ്ട് എന്ന് പരിശോധിക്കാം.

മോശെയെപ്പോലുള്ള പ്രവാചകൻ

മോശെയെപ്പോലുള്ള പ്രവാചകൻ

വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് മോശെ പ്രവാചകനുണ്ടായ ഒരു ദൈവിക അരുളപ്പാടിനെക്കുറിച്ച് പഞ്ചഗ്രന്ഥത്തിൽ അവസാനത്തേതായ ആവർത്തന പുസ്തകത്തിൽ പറയുന്നുണ്ട്. അതിങ്ങനെയാണ്:
അപ്പോൾ കർത്താവ് എന്നോട് അരുൾ ചെയ്തു. അവർ പറഞ്ഞതെല്ലാം ശരി തന്നെ. നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരിൽ നിന്ന് അവർക്കായി ഞാൻ ഉയർത്തും. ഞാൻ എന്റെ വചനങ്ങൾ അയാളുടെ നാവിൽ നിവേശിപ്പിക്കും. ഞാൻ കല്പിക്കുന്നവയെല്ലാം അയാൾ അവരോട് പറയുംഅവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും. എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം. അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ. ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു (ആവർത്തനം : 18:18-22)

യഹോവയിൽ നിന്ന് മോശെക്കുണ്ടായതായി പഴയ നിയമം പ്രതിപാദിക്കുന്ന ഈ അരുളപ്പാടിൽ നിന്ന് വരാനിരിക്കുന്ന മഹാ പ്രവാചകനെക്കുറിച്ച് താഴെപറയുന്ന കാര്യങ്ങൾ മനസ്സിലാക്കാം.

1. വരാനിരിക്കുന്ന പ്രവാചകൻ അദ്ദേഹത്തിന്റെ ജീവിതത്തിലും ദൌത്യത്തിലും മോശെയെപ്പോലെയുള്ള ആളായിരിക്കും.
2. അദ്ദേഹം ഇസ്രായീല്യരുടെ സഹോദരന്മാർക്കിടയിൽ നിന്നാണ് ഉയർത്തപ്പെടുക.
3. അദ്ദേഹത്തിന്റെ നാവിൽ ദൈവിക വചനങ്ങളാണ് ഉണ്ടാവുക.
4. ദൈവം കല്പിക്കുന്നതാണ് അദ്ദേഹം തന്റെ ജനതയോട് സംസാരിക്കുക.
5. ദൈവികനാമത്തിലാണ് അദ്ദേഹം സംസാരിക്കുക.
6. അദ്ദേഹം പ്രവചിക്കുന്ന കാര്യങ്ങളെല്ലാം യാഥാർത്ഥ്യമായി പുലരും.

മോശെ പ്രവാചകനിലൂടെ കർത്താവ് നൽകിയ ഈ വാഗ്ദാനത്തിന്റെ പൂർത്തീകരണത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു സദ് വ്യത്തരായ യഹൂദർ. ഇസ്രായീലിൽ കുറെ പ്രവാചകന്മാർ വന്നു. അവരാരും തന്നെ ‘മോശെയെപ്പോലുള്ള പ്രവാചകൻ’ ആയിരുന്നില്ല. അവരുടെയെല്ലാം ദൌത്യം മോശെയുടെ നിയമത്തിൽ നിന്ന് അകന്ന ഇസ്രായീൽ മക്കളെ കർത്താവിന്റെ ആലയത്തിലേക്ക് തിരിച്ചു കൊണ്ട് വരികയായിരുന്നു. ഇക്കാര്യം മോശക്ക് ദ്ശാബ്ദങ്ങൾ കഴിഞ്ഞ് രചിക്കപ്പെട്ട ആവർത്തന പുസ്തകത്തിൽ അതിന്റെ രചയിതാവ് വ്യക്തമാക്കുന്നുണ്ട്. ‘പിന്നീട് ഒരിക്കലും മോശെയെപ്പോലെ ഒരു പ്രവാചകൻ ഇസ്രായേലിൽ ഉണ്ടായിട്ടില്ല’ (ആവർത്തനം 34:10)
മോശെയെപ്പോലുള്ള പ്രവാചകൻ യേശുവല്ല
ഈ പ്രവചനത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത് യേശുവാണെന്ന് അപ്പോസതല പ്രവർത്തനങ്ങളുടെ കർത്താവ് സ്ഥാപിക്കുവാൻ ശ്രമിക്കുന്നുണ്ട്. (അപ്പോ പ്രവ്യ 3:22-26)
ഇതിന്റെ അടിസ്ഥാനത്തിൽ മിഷനറിമാർ മോശയോട് ദൈവം നൽകിയ വാഗ്ദാനപ്രകാരം വന്ന പ്രവാചകൻ യേശുവാണെന്ന് വാദിക്കാറുണ്ട്. അവർ പഞ്ചപുസ്തകങ്ങളും പുതിയ നിയമപുസ്തകങ്ങളും ഒരു താരതമ്യത്തിനു വിധേയമാക്കേണ്ടതാണ്. അപ്പോൾ മോശയെയും യേശുവിനെയും കുറിച്ച് ബൈബിൾ നൽകുന്ന ചിത്രങ്ങൾ തമ്മിലുള്ള അന്തരം എത്ര ഭീമമാണെന്ന് മനസ്സിലാകും. സത്യത്തിൽ, ഒരർത്ഥത്തിലും മോശയെപ്പോലുള്ള പ്രവാചകൻ എന്ന് വിളിക്കപ്പെടുവാൻ അർഹനല്ല യേശുവെന്ന വസ്തുത ബൈബിൾ ഒരാവർത്തി വായിക്കുന്ന ഏവർക്കും ബോധ്യപ്പെടുന്നതാണ്. ഒരു മനുഷ്യനെന്ന നിലക്കോ ഒരു പ്രവാചകനെന്ന നിലക്കോ ഒന്നും തന്നെ യേശു മോശയോട് താരതമ്യം ചെയ്യാൻ പറ്റാത്ത വ്യക്തിത്വമാണെന്നതാണ് വാസ്തവം!

മോശെയെപ്പോലുള്ള പ്രവാചകൻ യേശുവാണെന്ന് വരുത്തുവാൻ വേണ്ടി പഞ്ചപുസ്തകങ്ങളിൽ പറയുന്ന മോശെയുടെ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങൾ യേശുവിന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്ന് ക്രിസ്തുമത പ്രചാരകർ വാദിക്കാറുണ്ട്. മത്തായിയുടെ സുവിശേഷം നൽകുന്ന യേശുകഥയെയാണ് പ്രധാനമായും അവർ ഇതിനായി ഉപയോഗപ്പെടുത്താറുള്ളത്. എന്നാൽ യാഥാർത്ഥ്യമെന്താണ്? പഴയനിയമത്തിലെ പ്രവചനങ്ങളുടെ പൂർത്തീകരണം യേശുവിലാണ് സംഭവിച്ചതെന്ന് വരുത്തിത്തീർക്കാൻ സ്വന്തമായി ഒരു കഥ മെനഞ്ഞെടുത്തയാളാണ് മത്തായി. ഈ കഥയിൽ പറയുന്ന സംഭവങ്ങളിൽ പലതും യേശുവിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളവയല്ലെന്ന വസ്തുത പണ്ഡിതന്മാർ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. സത്യത്തിൽ, പഴയ നിയമത്തിൽ യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടതെന്ന് പറയാവുന്ന ഒരൊറ്റ പ്രവചനവുമില്ല. ബൈബിൾ പണ്ഡിതനായ  റെയ്മണ്ട് ബ്രൌൺ എഴുതുന്നു: ‘ഒരു ‘മെസായനിക്’ വിമോചനത്തെക്കുറിച്ച് അവർ പഠിപ്പിച്ചിരുന്നുവെങ്കിലും നസ്രായനായ യേശുവിന്റെ ജീവിതത്തിലെ ഒരു സംഭവം പോലും ക്യത്യമായി അവർ പറഞ്ഞിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ല’. (മിശീഹയുടെ ജനനം, പുറം 9)

മോശക്കു ശേഷം അദ്ദേഹത്തിന്റെ വ്യക്തിത്വത്തോട് സമാനമായ വ്യക്തിത്വവുമായി വന്ന ഒരു പ്രവാചകനെ മാത്രമേ നമുക്ക് ചരിത്രത്തിൽ കാണാൻ കഴിയുന്നുള്ളൂ. അത് മുഹമ്മദ് (സ)ല്ലാതെ മറ്റാരുമല്ല. ഒരു മനുഷ്യനെന്ന നിലക്കും പ്രവാചകനെന്ന നിലക്കും മോശയുടെ വ്യക്തിത്വവും മുഹമ്മദി(സ)ന്റെ വ്യക്തിത്വവും എല്ലാ നിലക്കും സമാനത പുലർത്തുന്നുണ്ട്. ഇതു കൊണ്ടു തന്നെ ‘നിന്നെപ്പോലുള്ള പ്രവാചകനെ അയക്കും’ എന്ന മോശെ പ്രവാചകനോടുള്ള വാഗ്ദാനത്തിന്റെ പൂർത്തീകരണം നമുക്ക് ദർശീക്കുവാൻ കഴിയുന്നത് മുഹമ്മദ് (സ) യിൽ മാത്രമാണെന്ന വസ്തുത നിഷേധിക്കാനാവില്ല.

(മോശ (അ), യേശു(അ), മുഹമ്മദ്(സ) എന്നിവരുടെ ജീവിതത്തിന്റെയും ദൌത്യത്തിന്റെയും താരതമ്യത്തിനു താഴെ ചാർട്ട് നോക്കുക.)

മോശെ പ്രവാചകന് ദൈവം നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണം മുഹമ്മദി(സ)ലൂടെയാണ് നിർവഹിക്കപ്പെട്ടതെന്ന് പറയുന്നത് ആ രണ്ട് വ്യക്തികളുടെ ജീവിതത്തിന്റെയും ദൌത്യത്തിന്റെയും സമാനത കൊണ്ട് മാത്രമല്ല. പ്രത്യത ആ പ്രവചനത്തിൽ പ്രസ്താവിച്ചിരിക്കുന്ന മുഴുവൻ കാര്യങ്ങളും മുഹമ്മദ് നബി(സ) യിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്
നുവെന്നതാണ് വാസ്തവം.

ഇസ്രായീല്യരുടെ സഹോദരന്മാർ

അവരുടെ സഹോദരന്മാർക്കിടയിൽ നിന്നാണ് നിന്നെപ്പോലെയുള്ള പ്രവാചകനെ ഉയർത്തുക എന്നാണല്ലോ മോശെ പ്രവാചകനോടുള്ള ദൈവിക വാഗ്ദാനം. മോശെ പ്രവാചകന്റെ ജനതയായ ഇസ്രായീല്യരാണ് ഇവിടെ ‘അവർ’ എന്ന് പറയുന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇസ്രായീല്യരുടെ സഹോദരന്മാർക്കിടയിൽനിന്നാണ് ആ പ്രവാചകന്റെ ആഗമനമുണ്ടാവുകയെന്ന പ്രവചനവും മുഹമ്മദ് നബി (സ) യിൽ വളരെ സ്പഷ്ടമായി പൂർത്തീകരിക്കപ്പെടുന്നുണ്ട്. അബ്രഹാമിന്റെ മകനായ ഇസ് ഹാക്കിന്റെ മകനാണ് ഇസ്രായീൽ എന്ന് വിളിക്കപ്പെട്ട യാക്കോബ്. യാക്കോബിന്റെ സന്തതി പരമ്പരയാണ് ഇസ്രായീല്യർ എന്ന് അറീയപ്പെട്ടത്. അബ്രഹാമിന്റെ മറ്റൊരു മകനായ ഇസ്മാ ഈലിന്റെ സന്തതികളാണ് അറബികൾ. അങ്ങനെ നോക്കുമ്പോൾ  ഇസ്മാ ഈല്യർ അഥവാ അറബികൾ ഇസ്രായീല്യരുടെ സഹോദരന്മാരാണ്. അറബികൾക്കിടയിൽ നിന്നാണല്ലോ മുഹമ്മദി(സ)ന്റെ ആഗമനമുണ്ടായത്. അവരുടെ സഹോദരന്മാർക്കിടയിൽ നിന്നാണ് മോശെയെപ്പോലുള്ള പ്രവാചകന്റെ ആഗമനമുണ്ടാവുകയെന്ന ദൈവിക വാഗ്ദാനവും മുഹമ്മദ് നബി(സ)യിൽ പൂർത്തീകരിക്കപ്പെടുന്നു.

നാവിൽ ദൈവവചനങ്ങൾ

വരാനിരിക്കുന്ന മോശെയെപ്പോലുള്ള പ്രവാചകന്റെ മറ്റൊരു അടയാളമായി പറയുന്നത് ‘ഞാൻ എന്റെ വചനങ്ങൾ അയാളുടെ നാവിൽ നിവേശിപ്പിക്കും’ എന്നാണല്ലോ. ദൈവിക വചനങ്ങളുടെ അവകാശപ്പെടാൻ കഴിയുന്ന ഇന്ന് നില നിൽക്കുന്ന ഏകഗ്രന്ഥം വിശുദ്ധ ഖുർ ആനാണെന്ന കാര്യത്തിൽ സംശയമില്ല. മറ്റെല്ലാ ഗ്രന്ഥങ്ങളിലും വിശുദ്ധന്മാരുടേയോ ഹ്രിഷിമാരുടേയോ രചനകളുമുണ്ടെന്ന വസ്തുത അവയുടെ അപ്രമാദിത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നവർ തന്നെ സമ്മതിക്കുന്നതാണ്. ഖുർ ആനിലാകട്ടെ ദൈവിക വചനങ്ങൾ മാത്രമാണുള്ളത്. മുഹമ്മദ് നബി(സ) സ്വന്തമായി നിർമ്മിച്ച ഒരു വാക്കു പോലും ഖുർ ആനിലില്ല.

ഖുർ ആനിലെ അക്ഷരങ്ങളെല്ലാം മോസ പ്രവാചകന് കർത്താവ നൽകിയ പോലെ ലിഖിത രൂപത്തിൽ നൽകുകയല്ല ചെയ്തത്. മറിച്ച് ഗബ്രിയേൽ മാലാഖ പ്രവാചകന്റെ അടുത്തുവന്ന് ദൈവവചനങ്ങൾ ഓതിക്കേൾപ്പിക്കുകയായിരുന്നു. ആ വചനങ്ങൾ തന്റെ നാവുകൊണ്ട് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. അഥവാ ദൈവം പലകകളിലാക്കിക്കൊണ്ടോ മറ്റ് രേഖകളാക്കിക്കൊണ്ടോ അല്ല മുഹമ്മദ് നബി(സ)ക്ക് ബോധനങ്ങൾ നൽകിയത്. മറിച്ച് അദ്ദേഹത്തിന്റെ നാവിലേക്ക് ദൈവവചനങ്ങൾ നിവേശിക്കപ്പെടുകയായിരുന്നു. ‘ഞാൻ എന്റെ വചനങ്ങൾ അയാളുടെ നാവിൽ നിവേശിപ്പിക്കും ‘ എന്ന വചനവും മുഹമ്മദ് നബി(സ)യിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് സാരം.

‘ഞാൻ കല്പിക്കുന്നതെല്ലാം അയാൾ അവരോട് പറയും’ എന്നതാണല്ലോ മറ്റൊരു അടയാളം. മുഹമ്മദ് നബി(സ) ദൈവിക കല്പനകൾക്ക് അനുസ്യതമായിട്ടായിരുന്നു സംസാരിച്ചിരുന്നത്. മുഹമ്മദ് നബി(സ) യുടെ സംസാരങ്ങളെല്ലാം ദൈവിക ബോധനത്തിനു അനുസരിച്ചിട്ടയിരുന്നുവെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഓരോ വിശയങ്ങളിലും നാം സ്വീകരിക്കേണ്ട വിധിവിലക്കുകൾ എന്തെല്ലാമാണെന്ന ദൈവകല്പനകളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. അതു കൊണ്ടുതന്നെ ഈ അടയാളവും മുഹമ്മദ് നബി(സ)യിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാം.

സംസാരം ദൈവനാമത്തിൽ

വരാനിരിക്കുന്ന പ്രവാചകൻ സംസാരിക്കുന്ന വാക്കുകൾ ദൈവികനാമത്തിലായിരിക്കുമെന്നാണ് മോശെയോടുള്ള ദൈവിക വാഗ്ദാനത്തിൽ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം. ഇത് മുഹമ്മദ് നബി (സ)യുടെ കാര്യത്തിൽ യോജിക്കുന്നതു പോലെ മറ്റാരുടെ കാര്യത്തിലും യോജിക്കുന്നില്ലെന്നതാണ് വാസ്തവം. ഓരോ കാര്യവും പറയുമ്പോഴും ചെയ്യുമ്പോഴും ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ’ എന്നുച്ചരിച്ചുകൊണ്ടാണ് (ബിസ്മില്ലാഹിറഹ്മാനിറഹീം) അദ്ദേഹം തുടക്കം കുറിച്ചിരുന്നത്. കരുണാവാരിധിയായ ദൈവത്തിന്റെ നാമത്തിൽ എല്ലാ കാര്യങ്ങളും തുടങ്ങണമെന്ന് തന്റെ അനുയായികളെ പഠിപ്പിക്കുക കൂടി ചെയ്തയാളാണ് മുഹമ്മദ് നബി(സ). മറ്റൊരു പ്രവാചന്റെ ചരിത്രത്തിലും ഇത്ര സുന്ദരമായ ഒരു പ്രാരംഭവാക്യം പഠിപ്പിച്ചതായി നമുക്ക് കാണാൻ കഴിയുന്നില്ല.

വ്യാജപ്രവാചകനല്ല

മോശെയെപ്പോലുള്ള പ്രവാചകനെന്ന് അവകാശപ്പെട്ടു കൊണ്ട് വരുന്ന വ്യാജപ്രവാചകന്മാരെയും യഥാർത്ഥ പ്രവാചകനെയും തിരിച്ചറിയാൻ കഴിയുന്നതിനു ഒരു അടയാളവും ആവർത്തനപുസ്തകത്തിലെ നടേ ഉദ്ധരിച്ച വാക്യത്തിലുണ്ട്. ആ പ്രവാചകന്റെ പ്രവചനങ്ങളൊന്നും തന്നെ പുലരാതിരിക്കുകയില്ലെന്നതത്രേ അത്. ഇതും മുഹമ്മദ് നബി(സ)യിൽ പൂർണ്ണമായി യോജിക്കുന്നു. മുഹമ്മദ് നബി(സ) തന്റെ ജീവിതകാലത്ത് നടത്തിയ പ്രവചനങ്ങളെല്ലാം ദൈവികബോധനപ്രകാരമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രവചനങ്ങളൊന്നും പുലരാതിരുന്നിട്ടില്ല. റോമക്കാരുടെ  വിജയം മുതൽ ഇസ്ലാമിന്റെ ദിഗ്വിജയം വരെയുള്ള സംഭവങ്ങളെല്ലാം പ്രവാചകൻ പ്രവചിച്ച സംഗതികളായിരുന്നുവല്ലോ.

ഇങ്ങനെ എല്ലാ അർത്ഥത്തിലും മോശെ പ്രവാചകനോടൂള്ള ദൈവിക വാഗ്ദാനം പൂർണ്ണമായും മുഹമ്മദ് നബി(സ) യിൽ പൂർത്തീകരിക്കപ്പെട്ടതായി കാണാൻ കഴിയും.

ക്രൈസ്തവ ഗ്രന്ഥകാരനായ റെവ. ജെയിംസിന്റെ വാക്കുകൾ നോക്കുക.
‘അദ്ദേഹവുമായി (മോശ) അല്പമെങ്കിലും താരതമ്യപ്പെടുത്താവുന്ന ചരിത്രത്തിലെ ഒരേയൊരു വ്യക്തി മുഹമ്മദാണ്.’ (Rev. James L. Dow, Dictionary of the Bible. page 403)